
ന്യൂഡല്‍ഹി: ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്ന പ്രയോഗം കര്‍ഷക സമരത്തില്‍ പ്രായോഗികമാകുമോ? കര്‍ഷക സമരം പരിഹരിക്കാന്‍ വേണ്ടി പ്രധാനമന്ത്രി ഇടപെട്ട് വിളിച്ച അടിയന്തര ചര്‍ച്ച പുരോഗമിക്കവേ ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന മൂന്നാം വട്ട ചര്‍ച്ച ഫലം കാണുമോയെന്നതാണ് ചോദ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ഉച്ചയ്ക്ക് 2 മണിക്കാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും കര്‍ഷക പ്രതിനിധികളുമായുള്ള ചര്‍ച്ച വിജ്ഞാന്‍ ഭവനില്‍ നടക്കുക. സര്‍ക്കാര്‍ കര്‍ഷക പ്രതിനിധികളുമായി സമരപ്പെടുമോയെന്നതാണ് അറിയേണ്ടത്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍നിന്ന് അണുവിട പിന്നോട്ടില്ലെന്നാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അതോടെ സര്‍ക്കാരുമായുള്ള മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പാണ്. കര്‍ഷക സമരത്തിന് പിന്തുണയുമായി ഭാരത് ബന്ദ് കൂടി പ്രഖ്യാപിച്ചതോടെ സമരം കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, കര്‍ഷകര്‍ക്ക് പിന്തുണയുമായി സമരമുഖത്തേക്ക് എത്തിയ നിഹാങ് സിഖുകാരുടെ സമരവേദിയിലെ ശക്തിപ്രകടനം കൗതുകമായെങ്കിലും ഇവര്‍ സമരമുഖത്തേക്ക് വരുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും. യുദ്ധപാരമ്പര്യമുള്ള പരമ്പരാഗത സിഖ് വിഭാഗമാണ് നിഹാങുകള്‍. വാളും പരിചയും ഇവരുടെ ശരീരത്തിന്റെ ഭാഗമാണ്.
സമരക്കാരെ തൊടണമെങ്കില്‍ ആദ്യം ഞങ്ങളെ നേരിടണമെന്ന മുന്നറിയിപ്പുമായി ഇവര്‍ പോലീസ് ബാരിക്കേഡുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ചെരുപ്പ് ഉപയോഗിക്കാറില്ല, ഇവരുടെ സ്ഥലത്തേക്ക് ചെരുപ്പ് ധരിച്ച് കടക്കാനുമാവില്ല. നീലനിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ഇവര്‍ ധരിക്കാറുള്ളൂ.