
ഹൈദരാബാദ്: ക്ലാസ് മുറി വിവാഹ വേദിയാക്കിയ വിദ്യാര്‍ത്ഥികളുടെ നടപടിയില്‍ പോലീസും ശിശുക്ഷേമ വകുപ്പും ഇടപെട്ടു. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍നിന്നും പുറത്താക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ സ്‌കൂളിലാണ് സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ക്ലാസ് മുറിയില്‍ വച്ച് താലി കെട്ടി സുന്ദൂരം ചാര്‍ത്തിയാണ് ക്ലാസ് മുറി വിവാഹ വേദിയാക്കിയത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചതായാണ് ലഭിക്കുന്ന വിവരം. ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ പരസ്പര സമ്മതത്തോടെ താലികെട്ടുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.
ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരെങ്കിലും വരുന്നതിന് മുമ്പ് താലികെട്ടാന്‍ സുഹൃത്ത് പറയുന്നതും സിന്ദൂരം അണിയിക്കാനുള്ള പെണ്‍കുട്ടിയുടെ നിര്‍ദ്ദേശവും വീഡിയോയിലുണ്ട്. നവംബറിലാണ് സംഭവം നടന്നതെന്നാണ് സൂചന. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തത് ആരാണെന്ന് അറിവായിട്ടില്ല.