Breaking News

കോവിഡ് വാക്‌സിന്‍: മോദി നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍

രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും പരസ്പര വിരുദ്ധ പ്രസ്താവനകളാണെന്ന് നടത്തുന്നതെന്ന് പറഞ്ഞ രാഹുല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് എന്താണെന്നും ട്വിറ്ററിലൂടെ ചോദിച്ചു.
‘പ്രധാനമന്ത്രി എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകുമെന്ന് പറയുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പറയുന്നു ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന്. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നു എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകില്ലെന്ന്. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി ആരുടെ നിലപാടിനൊപ്പമാണ്’-ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയില്‍ എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്നുണ്ടായിരുന്നു. വാക്‌സിന്‍ ഉല്‍പാദന കമ്പനികളില്‍ മോദി കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് ചെവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ആയുധമാക്കിയത്.
‘രാജ്യം മുഴുവന്‍ വാക്സിനേഷന്‍ നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. വസ്തുതാപരമായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി അത്തരം ശാസ്ത്രീയ പ്രശ്നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണ്’-ഇങ്ങനെയായിരുന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ പ്രസ്താവന.

Related posts

Leave a Reply

Your email address will not be published. Required fields are marked *