Breaking News

കര്‍ഷകരുമായി ചര്‍ച്ച ഉടന്‍: ഫലംകണ്ടില്ലെങ്കില്‍ സമരം റിപ്പബ്ലിക് പരേഡിലേക്ക് നീളുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം നടത്തുന്ന കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം ഘട്ട ചര്‍ച്ച ഉടന്‍ നടക്കും. ചര്‍ച്ചയ്ക്കായി കര്‍ഷക സംഘടന പ്രതിനിധികള്‍ വിജ്ഞാന്‍ ഭവനിലെത്തിയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താങ്ങുവിലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ഷകരുടെ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ട്. കര്‍ഷക സമരം എട്ടാം ദിവസത്തിലേക്ക് കടക്കവെ ഇന്ന് നടക്കുന്ന ചര്‍ച്ച പ്രാധാന്യമേറിയതാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഓരോന്നും കേന്ദ്ര സര്‍ക്കാര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
ചര്‍ച്ചയില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നുതന്നെ പ്രതീക്ഷിക്കുന്നതായി കര്‍ഷക സംഘടന നേതാവ് രാകേഷ് ടികത് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ക്കുനേരെ സര്‍ക്കാര്‍ മുഖം തിരിച്ചാല്‍ ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ഷകര്‍ അണിനിരക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
അടിയന്തരമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. എന്നാല്‍ നിയമം പിന്‍വലിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ കാര്‍ഷിക രംഗത്തെ വിദഗ്ധരും കര്‍ഷക പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ച് വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കാമെന്ന നിര്‍ദ്ദേശമാകും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *