Breaking News

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കും: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന് തെക്ക് കിഴക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശ്ക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശ്രീലങ്കന്‍ തീരം കടക്കും.
പിന്നെയും ശക്തിപ്രാപിച്ച് ബുറേവി ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ള സിസ്റ്റം വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്ത് എത്താമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ നാളെ മുതല്‍ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിസംബര്‍ മൂന്ന് വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 4 വരെ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഡിസംബര്‍ 2 ന് തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും.
നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ നവംബര്‍ 30 അര്‍ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് നിര്‍ദേശമുണ്ട്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നതുവരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവാദമുണ്ടായിരിക്കില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *