
കോഴിക്കോട്: വടകരയിലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ പലേരി രമേശന്‍. ചെയര്‍മാന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇ.ഡി. ഉദ്യോഗസ്ഥര്‍ സൊസൈറ്റി ആസ്ഥാനത്ത് വന്നിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍, ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് സൊസൈറ്റിയില്‍ പ്രവേശിച്ചതെന്നും നിലവില്‍ ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്ന് മാത്രമാണ് അന്വേഷിച്ചത്. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല എന്ന മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയും ചെയ്തു. കൂടാതെ, സൊസൈറ്റിയുടെ ഇന്‍കംടാക്‌സ് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെടുകയും അത് പരിശോധിക്കുകയും ബോധ്യപ്പെടുകയും ചെയ്തു-വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സത്യാവസ്ഥ ഇതായിരിക്കെ, ഊരാളുങ്കല്‍ സൊസൈറ്റിയില്‍ റെയ്ഡ് എന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് പതിമൂവായിരത്തോളം തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗമായ ഒരു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനേ സഹായിക്കൂവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിയമവിധേയവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ശ്രമത്തില്‍നിന്നു പിന്തിരിയണമെന്നും വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥനയുണ്ട്.