Breaking News

കര്‍ഷക പ്രക്ഷോഭം: അവസാന ശ്വാസം വരെ പ്രതിഷേധമെന്ന് വനിതാ കര്‍ഷകര്‍

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയ കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ പഞ്ചാബില്‍നിന്നും ഹരിയാനയില്‍ നിന്നും എത്തിയിട്ടുള്ള കര്‍ഷകരുടെ കൂട്ടത്തില്‍ നൂറുകണക്കിന് വനിതാ കര്‍ഷകരുമുണ്ട്.
കഴിഞ്ഞ 2 മാസങ്ങളില്‍ തങ്ങള്‍ കര്‍ഷക മാര്‍ച്ചിന്റെ കൂടിയാലോചനകള്‍ക്കായി ഒത്തുചേര്‍ന്നിരുന്നുവെന്നും അവസാന ശ്വാസം വരെ പ്രക്ഷോഭത്തിനൊപ്പം നില്‍ക്കാന്‍ തായാറാണെന്നും ഇവര്‍ പറയുന്നു. ട്രാക്ടര്‍ ട്രോളികളിലാണ് ഇവരുടെ ഉറക്കം. നേരം ഇരുട്ടാകുമ്പോള്‍ ഇവര്‍ മറ്റ് കര്‍ഷകര്‍ക്കുള്ള ഭക്ഷണം തയാറാക്കുന്ന ജോലികളിലേക്ക് കടക്കും. വനിതാ കര്‍ഷകര്‍ക്കൊപ്പം പുരുഷ കര്‍ഷകരും ആഹാരം പാചകം ചെയ്യുന്ന ജോലികളില്‍ പങ്കുചേരും. ഭക്ഷണ വിതരണവും ഇവരുടെ ഉത്തരവാദിത്തമാണ്.
ഭക്ഷണത്തിന്റെ കാര്യത്തില്‍ ക്ഷാമമുണ്ടാകില്ല. അഞ്ചോ ആറോ മാസത്തേക്കുള്ള ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങള്‍ ഞങ്ങള്‍ കരുതിയിട്ടുണ്ട്. ആഹാരസാധനങ്ങള്‍ തീര്‍ന്നാല്‍ ഞങ്ങള്‍ വീണ്ടും കൊണ്ടുവരും. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയാല്‍ മാത്രമേ ഇവിടെ നിന്ന് തിരിച്ചുപോകുകയുള്ളൂ-പ്രതിഷേധക്കാര്‍ പറയുന്നു.
ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കാനായി എത്തിച്ചേര്‍ന്നിട്ടുള്ളത്. ഡല്‍ഹിയിലേക്ക് കടക്കാന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. പലയിടത്തും ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടു പോകാന്‍ ശ്രമിച്ചത് പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. സര്‍ക്കാരും പോലീസും അനുവദിച്ച സ്ഥലത്ത് സമരം നടത്തണമെന്ന ആവശ്യം കര്‍ഷകര്‍ ഇതിനോടകം തള്ളിയിട്ടുണ്ട്. രാംലീല മൈതാനം സമരകേന്ദ്രമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *