Breaking News

ബി.ജെ.പി മണ്ഡലം നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സ്വപ്‌ന ശേഖര്‍

സ്വപ്‌ന ശേഖര്‍ പത്രസമ്മേളനത്തിനിടെ

വര്‍ക്കല മണ്ഡലത്തില്‍ പാര്‍ട്ടിയുടെയോ മോര്‍ച്ചയുടെയോ ചുമതലകള്‍ ഇല്ലായിരുന്നു. പിന്നെങ്ങനെ മണ്ഡലത്തിന്റെ ചുമതലകളില്‍നിന്ന് പുറത്താക്കാനാവുമെന്ന് അവര്‍ ചോദിച്ചു.

വര്‍ക്കല: ബി.ജെ.പി വര്‍ക്കല മണ്ഡലത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ സ്വപ്‌ന ശേഖര്‍. തന്നെ പാര്‍ട്ടി ചുമതലകളില്‍നിന്ന് നീക്കിക്കൊണ്ടുള്ള പാര്‍ട്ടി മണ്ഡലം നേതൃത്വത്തിന്റെ തീരുമാനത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സ്വപ്‌ന ശേഖര്‍. പാര്‍ട്ടി ചുമതലകളില്‍നിന്ന് നീക്കിയ കാര്യം മാധ്യമങ്ങളില്‍നിന്നാണ് ഞാന്‍ അറിഞ്ഞത്. വര്‍ക്കല മണ്ഡലത്തിന്റെ ചുമതലക്കാരായ ചിലരുമായുള്ള പ്രശ്‌നങ്ങളാണ് പാര്‍ട്ടിയുടെ പല പരിപാടികളില്‍നിന്നും തന്നെ ഒഴിവാക്കാന്‍ കാരണം. ചില പരിപാടികളില്‍നിന്ന് ഞാന്‍ സ്വയം വിട്ടുനിന്നു.
ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി ജില്ലാ പ്രസിഡന്റിന് ജൂണ്‍ 30ന് പരാതി നല്‍കിയിട്ടുണ്ട്. 4 വര്‍ഷത്തോളം ഞാന്‍ മഹിളാ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ പ്രഭാരിയായും പ്രവര്‍ത്തിച്ചു. വര്‍ക്കല മണ്ഡലത്തില്‍ പാര്‍ട്ടിയുടെയോ മോര്‍ച്ചയുടെയോ ചുമതലകള്‍ ഇല്ലായിരുന്നു. പിന്നെങ്ങനെ മണ്ഡലത്തിന്റെ ചുമതലകളില്‍നിന്ന് പുറത്താക്കാനാവുമെന്ന് അവര്‍ ചോദിച്ചു. കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയെന്നാണോ മണ്ഡലം പ്രസിഡന്റ് ഉദ്ദേശിച്ചതെന്ന് അറിയില്ല. പക്ഷേ, അദ്ദേഹം അതും ചെയ്യുന്നയാളാണെന്നു പരിഹാസരൂപത്തിൽ പറഞ്ഞു .

മണ്ഡലം പ്രസിഡൻറ് അജുലാലിനെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളും സ്വപ്‌ന ശേഖര്‍ ഉന്നയിച്ചു. വര്‍ക്കല ബീച്ചില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്ത് പാരിതോഷികങ്ങള്‍ കൈപ്പറ്റാറുണ്ടെന്നും ആരെങ്കിലും പാരിതോഷികം നൽകാൻ വിസമ്മതിച്ചാൽ അവര്‍ക്കെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകാറുണ്ടെന്നും പിന്നീട് പാരിതോഷികം ലഭിച്ചാല്‍ സമരം നിര്‍ത്തിവയ്ക്കാറുണ്ടെന്നുമാണ് അവര്‍ ആരോപിച്ചത്. ജനാര്‍ദ്ദനപുരത്തുനിന്നും ധാരാളം യുവാക്കള്‍ ബി.ജെ.പി വിട്ട് എല്‍.ഡി.എഫിലേക്ക് പോകാനുള്ള കാരണവും ഇതുതന്നെയാണെന്ന് സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.
സംഘടനയ്ക്ക് അകത്ത് നടക്കുന്ന സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതതും കടകളിലും റിസോര്‍ട്ടുകളിലും മറ്റും നടത്തുന്ന പിരിവിനെ അനുകൂലിക്കാത്തതും ഗവ.മോഡല്‍ ഹയര്‍സെക്കന്റി സ്‌കൂളില്‍ പിടി.എ തെരഞ്ഞെടുപ്പിന് ബി.ജെ.പി പാനല്‍ വയ്ക്കാത്തതുമൊക്കെയാണ് താന്‍ ചെയ്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളായി പറയുന്നതെന്നാണ് പാര്‍ട്ടിയിലെ ചിലരില്‍നിന്നുതന്നെ എനിക്ക് അറിയാന്‍ കഴിഞ്ഞത്. എന്റെ ശ്രമഫലമായി 27-ാം വാര്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ച അംഗന്‍വാടിയുടെ ഉദ്ഘാടനത്തിന് ബി.ജെ.പിയില്‍നിന്ന് ഒരാള്‍പോലും പങ്കെടുത്തില്ല. കൊടി പിടിക്കലും പണം പിരിക്കലും മാത്രമല്ല പാര്‍ട്ടി ചെയ്യേണ്ടത്-സ്വപ്‌ന ശേഖര്‍ വിശദമാക്കി.
ജനസേവനമാണ് രാഷ്ട്രീയം. അത് ഞാന്‍ ചെയ്തിട്ടുണ്ട്. അതിന് ജനങ്ങള്‍ എനിക്ക് അംഗീകാരവും നല്‍കിയിട്ടുണ്ട്. വര്‍ക്കല മണ്ഡലത്തില്‍ പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോയെന്ന ചോദ്യത്തിന് അത് മണ്ഡലം പ്രസിഡന്റിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു മറുപടി. വര്‍ക്കല മണ്ഡലത്തില്‍ ഗ്രൂപ്പിസം ഉണ്ടെന്നും അവര്‍ സമ്മതിച്ചു. മറ്റ് പാര്‍ട്ടിക്കുവേണ്ടി പരസ്യമായി വോട്ട് പിടിച്ചുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും സ്വപ്‌ന ശേഖര്‍ പറഞ്ഞു. നാനാജാതി മതസ്ഥരും വോട്ട് ചെയ്താണ് ഞാന്‍ ജയിച്ചത്. പൊതുപ്രവര്‍ത്തനത്തിന് പാര്‍ട്ടിയുടെ കൊടി ആവശ്യമില്ലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *