
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച തമിഴ്നാട് തീരം തൊടും. മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിലാണ് നിവാര്‍ തീരം തൊടുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ ഇന്നു വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് തീരം തൊടുന്ന സ്ഥലം കൃത്യമായി മനസിലാക്കാന്‍ സാധിക്കും.
സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുന്നുണ്ട്. സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്പാക്കം ന്യൂക്ലിയാര്‍ റിയാക്ടര്‍ ടൗണ്‍ഷിപ് ചുഴലിക്കാറ്റിന്റെ പരിധിയില്‍ വരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. ഇവിടെയും മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. യുദ്ധകാല അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് തമിഴ്നാട് നടത്തുന്നത്.
120 കി.മീ വേഗതയില്‍ വരെ കാറ്റു വീശാമെന്നാണ് മുന്നറിയിപ്പ്. കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും എത്രയും വേഗം തിരികെയെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളിലാണ് നിവാര്‍ കനത്ത നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നതെന്നാണ് സൂചന. കടലൂര്‍, തഞ്ചാവൂര്‍, ചെങ്കല്‍പേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം ജില്ലകളെയാണു ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നാണു ഇപ്പോഴത്തെ കണക്കുകൂട്ടല്‍. അരിയാലൂര്‍, പെരമ്പലൂര്‍, കള്ളക്കുറിച്ചി, പുതുച്ചേരി, തിരുവണ്ണാമല പ്രദേശങ്ങളെയും ബാധിക്കും.
നിവാര്‍ ചെന്നൈ നഗരത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് വിവരം. എന്നാല്‍ മഴ കനക്കുമെന്ന് പ്രവചനമുണ്ട്. ഇവിടെ ഇന്നലെ വൈകിട്ടോടെ ആകാശം ഇരുണ്ടുമൂടിക്കഴിഞ്ഞു. നേരിയ മഴയും ഇന്നലെ ലഭിച്ചു. എന്നാല്‍ ഇന്നും നാളെയും കനത്ത മഴയുണ്ടാകും. മറീനയിലുള്‍പ്പെടെ പല സ്ഥലത്തും കടല്‍ക്ഷോഭമുണ്ടായി. ഇന്നും നാളെയും നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. നഗരത്തില്‍ കടലിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ അതിതീവ്ര മഴ പെയ്യാനും സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ള കടലോര മേഖലകളിലെല്ലാംതന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. തമിഴ്നാടിനെ കൂടാതെ പുതുച്ചേരിയിലും ചുഴലിക്കാറ്റ് വീശാമെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്നാടിനും പുതുച്ചേരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തെ നിവാര്‍ ചുഴലിക്കാറ്റ് ബാധിക്കില്ല. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകാമെന്നാണ് പ്രവചനം.