Breaking News

ജോലിക്കിടെ ഷോക്കേറ്റ് ശരീരം തളര്‍ന്നു; ചികിത്സയ്ക്ക് പണമില്ലാതെ യുവാവ് ദുരിതത്തില്‍

വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിജിത്‌

കല്ലമ്പലം: ഷോക്കേറ്റ് ശരീരം തളര്‍ന്ന് ചികിത്സയ്ക്ക് പണമില്ലാതെ യുവാവ് ദുരിതത്തില്‍. കല്ലമ്പലം മാവിന്‍മൂട് പുത്തന്‍വിള വീട്ടില്‍ നിജിത്(33) എന്ന യുവാവിനാണ് ഈ ദുര്യോഗം. ഇലക്ടിക് പോസ്റ്റിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് നിജിത്തിന് ഷോക്കേറ്റത്. മാരകമായി പരുക്കേറ്റ നിജിത്തിന്റെ രണ്ട് കൈകളും മുട്ടിന് താഴെ മുറിച്ചുകളയേണ്ടിവന്നു. മാത്രമല്ല, ജനനേന്ദ്രിയവും മുറിച്ചുകളയേണ്ടിവന്നു. കാലിലെ മുറിവുകളും മാരകമാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ ശരീരം തളര്‍ന്ന അവസ്ഥയില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നിജിത്ത്.
ഇതിനിടെ, ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നിജിത്തിനെ ഉപേക്ഷിച്ച് ഭാര്യ സുനിത 11 വയസ്സുള്ള മകളെയും കൂട്ടി നിജിത്തിന്റെ ബന്ധുകൂടിയായ മറ്റൊളിനൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പോവുകയും ചെയ്തതായി നിജിത്ത് വേദനയോടെ പറയുന്നു. ഹൃദയസംബന്ധമായ അസുഖമുള്ള പ്രായമായ അമ്മമാത്രമാണ് നിജിത്തിനൊപ്പമുള്ളത്. നിജിത്തിന്റെ അച്ഛന്‍ നേരത്തെ മരിച്ചു. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് നിജിത്തിന്റേത്.
കൊല്ലം മേവറം സ്വദേശിയായ ദിലീപ് എന്ന ഇലക്ട്രിസിറ്റി കോണ്‍ട്രാക്ടറുടെ് കീഴിലാണ് നിജിത്ത് ദിവസക്കൂലിക്ക് ജോലിക്ക് പോയത്. ഏഴ് മാസത്തോളം ഇദ്ദേഹത്തിന്റെ കീഴില്‍ നിജിത്ത് ജോലി ചെയ്തു. കഴിഞ്ഞ ജൂലൈ 28ന് ചെങ്ങന്നൂര്‍ കീഴ്‌വായ്പൂരില്‍ ജോലി ചെയ്യവെയാണ് അപകടമുണ്ടായത്. ഇലക്ട്രിക് പോസ്റ്റിലിരുന്ന് ജോലി ചെയ്യവെ നിജിത്തിന് ഷോക്കേല്‍ക്കുകയായിരുന്നു. മാരകമായി ഷോക്കേറ്റ നിജിത്ത് അടുത്തുള്ള പുരയിടത്തിലേക്ക് തെറിച്ചുവീണു. കൂടെ ജോലി ചെയ്തിരുന്നവര്‍ ഉടന്‍തന്നെ നിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
അവിടെനിന്ന് കോട്ടയം മാതാ ഹോസ്പിറ്റലിലേക്ക് മാറ്റി. ഒന്നരമാസത്തോളം അവിടെ ചികിത്സയിലായിരുന്നു. രണ്ട് കയ്യും മുട്ടിനു താഴെയും ജനനേന്ദ്രിയവും മുറിച്ചുമാറ്റപ്പെട്ടു. തുടര്‍ന്ന് മാവിന്‍മൂടുള്ള വീട്ടിലേക്ക് വന്നു. വീട്ടിലെത്തി നാല് ദിവസത്തോളമായപ്പോള്‍ നിജിത്തിന്റെ മുറിവുകളില്‍ പുഴുവരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. അതോടെ നിജിത്തിന്റെ രോഗിയായ അമ്മ വീടിനടുത്തുള്ള ആള്‍ക്കാരുടെ സഹായത്തോടെ നിജിത്തിനെ വര്‍ക്കല താലൂക്ക് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.
നിജിത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞ് ചേന്നന്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹൃദയ പൗരസമിതി ഒരു ലക്ഷത്തി അന്‍പത്തിരണ്ടായിരം രൂപ നിജിത്തിന്റെ മകളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോള്‍ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് നിജിത്ത്. ഹൃദയസംബന്ധമായ അസുഖമുള്ള അമ്മയ്ക്ക് ജോലി ചെയ്ത് ചികിത്സിക്കാനുള്ള ശേഷിയില്ല. കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ലാത്ത സുമനുസ്സകളില്‍നിന്ന് ശരീരവും മനസ്സും തളര്‍ന്ന ഈ ചെറുപ്പക്കാരന്‍ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നിജിത്തിനെ ബന്ധപ്പെടേണ്ട നമ്പര്‍: 9539132392 (നിജിത്ത്), 7736451965 (നിജിത്തിന്റെ അമ്മ).

Related posts

Leave a Reply

Your email address will not be published. Required fields are marked *