
കട്ടപ്പന: നരിയംപാറ പീഡനക്കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉയരുന്നു. ജയില്‍ ജീവനക്കാര്‍ക്കെതിരെ പ്രതിയുടെ പിതാവ് മനോജ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. കേസിലെ പ്രതി മനു ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍, മനുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് മനോജ് ആരോപിക്കുന്നത്.
പെണ്‍കുട്ടിയുടെ ബന്ധു പോലീസ് ഉദ്യോഗസ്ഥനാണെന്നും മനോജ് വെളിപ്പെടുത്തി. മനുവും പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ 19-ാം തീയതി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താമെന്നും അന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു.
എന്നാല്‍, 21ന് അവര്‍ കട്ടപ്പന സ്റ്റേഷനില്‍ പരാതി നല്കി. ഞങ്ങളുടെ പെണ്ണിന്റെ കാര്യം ഞങ്ങള്‍ നോക്കിയിട്ടുണ്ട്. ഇനി നിങ്ങള്‍ നിങ്ങടെ കാര്യം നോക്കിക്കോ എന്നായിരുന്നു ഇക്കാര്യത്തില്‍ അവരുടെ പ്രതികരണം. 24നാണ് മനുവിനെ സ്റ്റേഷനില്‍ ഹാജരാക്കിയത്. 28ന് ജയിലിലേക്ക് മാറ്റി.
മകന് ക്വാറന്റീനില്‍ ആണെന്നാണ് ജയിലില്‍നിന്ന് ലഭിച്ച വിവരം. പിന്നീട് തൂങ്ങി മരിച്ചെന്ന് അറിയിക്കുകയായിരുന്നു. തോര്‍ത്തില്‍ തൂങ്ങിമരിച്ച ഒരാളുടെ കഴുത്തില്‍ എങ്ങനെ അടയാളം വന്നു. അതില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും മനോജ് പറഞ്ഞു.