
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ തിരിച്ച് വാങ്ങിക്കൊടുക്കുന്നതു വരെ മരിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല. 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ശേഷം ആദ്യമായാണ് ഫാറൂഖ് അബ്ദുല്ല രാഷ്ട്രീയ വിഷയത്തില്‍ പ്രതികരിക്കുന്നത്.
ബി.ജെ.പിയെ കടന്നാക്രമിച്ച ഫാറൂഖ് അബ്ദുല്ല ബി.ജെ.പി രാജ്യത്തെ നയിക്കുന്നത് നേരായ പാതയിലല്ലെന്നും ആരോപിച്ചു. ജമ്മുവിലെയും ലഡാക്കിലെയും കാശ്മീരിലെയും ജനങ്ങളെ വേര്‍തിരിച്ച് കണ്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ജമ്മുവിലെയും ലഡാക്കിലെയും ജനങ്ങള്‍ക്കു പൊള്ളയായ വാഗ്ദാനങ്ങളാണു നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു.
‘ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ തിരികെ നല്‍കുന്നതു വരെ ഞാന്‍ മരിക്കില്ല. ജനങ്ങള്‍ക്കു വേണ്ടി ചിലതൊക്കെ ചെയ്യാനാണ് ഞാന്‍ ജീവിക്കുന്നത്. അത് അവസാനിക്കുന്ന ദിവസം ഞാന്‍ ഈ ലോകത്തുനിന്ന് യാത്രയാകും.’- ഷേരെ കശ്മീര്‍ ഭവനില്‍ തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകരോടെ അദ്ദേഹം പറഞ്ഞു
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയും (പിഡിപി) ചേര്‍ന്ന് പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി) എന്ന സഖ്യം രൂപീകരിച്ചിരുന്നു.