
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജാമ്യാപേക്ഷ പരിഗണിക്കുന്ന അടുത്ത ബുധനാഴ്ച വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
ശിവശങ്കറും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചതില്‍നിന്ന് അതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ഇ.ഡി പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പല രഹസ്യരേഖകളും ശിവശങ്കര്‍ സ്വപ്ന സുരേഷിന് വാട്സ്കൈ ആപ്പ് വഴി കൈമാറിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കസ്റ്റഡി കാലാവധി നീട്ടിനല്‍കണമെന്നാണ് എന്‍ഫോഴ്സ്മെന്റ് അപേക്ഷ നല്‍കിയത
മാത്രമല്ല, സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷന് കേസുമായി ബന്ധമുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ലൈഫ് മിഷന് അടക്കമുള്ളവയില്‍ സ്വപ്ന സജീവ പങ്കാളിയാണെന്നും ഇ.ഡി പറയുന്നു. സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് വാട്സ് ആപ്പ് വഴി കൈമാറി. ലൈഫ് മിഷന്, കെഫോണ്‍ വിവരങ്ങളാണ് കൈമാറിയത്. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്നയ്ക്ക് നല്‍കിയെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും ഇ.ഡി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കസ്റ്റഡി കാലയളവിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചു. ചോദ്യംചെയ്യല്‍ വേളയില്‍ ശിവശങ്കര്‍ ആഹാരം ഉപേക്ഷിച്ചുകൊണ്ട് പ്രതിഷേധിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് നാളെ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുവരേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തേക്കുമെന്ന സൂചനയുമുണ്ട്.