
കിഫ്‌ബി ധനസഹായത്തോടെ നിർമ്മിക്കുന്ന വർക്കല നിയോജക മണ്ഡലത്തിലെ പുത്തൻചന്ത മത്സ്യമാർക്കറ്റിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മത്സ്യബന്ധനം, ഹാർബർ എഞ്ചിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ ഓൺലൈനായി നിർവഹിച്ചു.
ഇതോടൊപ്പം ഹാർബർ എൻജിനീയറിങ് വകുപ്പ് പൂർത്തീകരിച്ച റോഡിൻറെ ഉദ്ഘാടനവും നിർവഹിച്ചു. ആധുനിക രീതിയിൽ നിർമ്മിക്കുന്ന ഹൈടെക് മാർക്കറ്റുകളിൽ മത്സ്യ വിപണനത്തിനായി റെയിൽ ഔട്ട്‌ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ,കോൾ സ്റ്റോറേജ് സംവിധാനം, പ്രിപ്പറേഷൻ മുറി ശുചിമുറി, ലോഡിങ് സംവിധാനം, സ്റ്റീൽ സിങ്കുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. 2 കോടി പതിനഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുത്തൻചന്ത മാർക്കറ്റ് നിർമ്മിക്കുന്നത്.വെട്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വി. ജോയ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പദ്ധതിയുടെ ശിലാഫലകം അദ്ദേഹം അനശ്ചാദനം ചെയ്തു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ യൂസഫ്, വെട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അസീം ഹുസൈൻ, ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്. ബാബു, മറ്റ് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
