
പട്ന: ബിഹാര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 94 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിരവധി പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുത്തിന്റെ ഭാഗമായി. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, ബോളിവുഡ് താരം ശത്രുഘ്നന്‍ സിന്‍ഹയുടെ മകന് ലവ് സിന്‍ഹ, തേജസ്വി യാദവിന്റെ സഹോദരന് തേജ് പ്രതാപ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, ഗവര്‍ണര്‍ ഫാഗു ചൗഹാന്, എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎയില്‍ ബിജെപി 46, ജെഡിയു 43, മഹാസഖ്യത്തില്‍ ആര്‍ജെഡി 56, കോണ്‍ഗ്രസ് 24 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍.
ഒക്ടോബര്‍ 28നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ്. 71 മണ്ഡലങ്ങളിലേക്കു നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 53.54 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. മൂന്നാംഘട്ട വോട്ടെടുപ്പ് നവംബര്‍ 7ന് നടക്കും. 78 മണ്ഡലങ്ങളിലേക്കാണ് അന്ന് വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പു ഫലം നവംബര്‍ 10ന് പ്രഖ്യാപിക്കും.