
ന്യൂഡല്‍ഹി: ‘വന്ദേഭാരത്’ വിമാനത്തില്‍ ചൈനയിലെ വുഹാനിലെത്തിയ 19 ഇന്ത്യക്കാര്‍ക്ക് കോവിഡ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട ‘വന്ദേഭാരത്’ വിമാനത്തിലെ 19 ഇന്ത്യക്കാര്‍ക്കാണ് അവിടെത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ എയര്‍ ഇന്ത്യ പ്രതകരിക്കുകയും ചെയ്തിട്ടുണ്ട്.
വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും അംഗീകൃത ലാബുകളില്‍നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതികരണം. അംഗീകൃത കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആര്‍ക്കും എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാനാവില്ലെന്നും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് സര്‍വ്വീസ് നടത്തുന്നതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
ആകെയുണ്ടായിരുന്ന 58 യാത്രക്കാരില്‍ 39 പേര്‍ക്ക് രോഗലക്ഷണമൊന്നും ഇല്ലായെങ്കിലും എല്ലാ യാത്രക്കാരെയും കോവിഡ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ചൈനയില്‍ എത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണു നിബന്ധന.
വന്ദേഭാരത് മിഷന്റെ ഭാഗമായി നവംബര്‍ 13ന് കൂടുതല്‍ വിമാനങ്ങള്‍ ചൈനയിലേക്കു സര്‍വീസ് നടത്താനിരിക്കെയാണു വുഹാന്‍ വിമാനത്തിലെ യാത്രക്കാര്‍ കോവിഡ് ബാധിതര്‍ ആയിരുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. റെസിഡന്റ് പെര്‍മിറ്റ് വീസയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ചൈനീസ് സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവെന്നാണു റിപ്പോര്‍ട്ട്. ഏതാണ്ട് രണ്ടായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളും പ്രഫഷനലുകളുമാണ് മടങ്ങാന്‍ ആഗ്രഹിക്കുന്നത്.