Breaking News

കുറ്റകൃത്യങ്ങളുടെ നീണ്ട നിര; ശിവശങ്കര്‍ കളിച്ചത് ചില്ലറ കളിയല്ല!

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് തയാറാക്കിയ അറസ്റ്റ് മെമ്മോയില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ് ചെയ്ത കുറ്റകൃത്യങ്ങളുടെ നീണ്ട നിര! ഇ.ഡി. തയ്യാറാക്കിയ അറസ്റ്റ് മെമ്മോയിലെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന് ശിവശങ്കര്‍ കളിച്ചത് ചില്ലറ കളികളൊന്നുമല്ലെന്ന് വ്യക്തമാകുകയാണ്.
ഈ മാസം 15 ന് ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണ്ണം കടത്തിയ ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്‌നയുടെ ആവശ്യപ്രകാരം കസ്റ്റംസിനെ വിളിച്ച കാര്യം ശിവശങ്കര്‍ സമ്മതിച്ചതായി അറസ്റ്റ് മെമ്മോയിലുണ്ട്. ഐ.എ.എസ് പദവിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന അധികാരവും ശിവശങ്കര്‍ ദുരുപയോഗം ചെയ്തുവെന്നത് അറസ്റ്റ് മെമ്മോയില്‍ നിന്നും വ്യക്തമാകുന്നു.
കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കടത്തിന് കൂട്ടുനിന്നതെന്നതിലൂടെ സ്വപ്‌നയും കൂട്ടരും നടത്തിയ കുറ്റകൃത്യത്തില്‍ ശിവശങ്കറും പങ്കാളിയാണ്. സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമപ്രകാരം സെക്ഷന്‍ 16,17, 18 വകുപ്പുകള്‍ പ്രകാരം എടുത്ത കേസില്‍ നിലവിലെ പ്രതികള്‍ സരിത്, സ്വപ്‌ന സുരേഷ്, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്‌സ് ആപ് ചാറ്റുകളില്‍നിന്നും സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് ശിവശങ്കറിന്റെ മേല്‍നോട്ടത്തിലാണെന്നും വ്യക്തമാകുന്നു. സാമ്പത്തിക ഇടപാടുകളില്‍ സ്വപ്‌നയെ സഹായിക്കാന്‍ ശിവശങ്കര്‍ തന്നോട് ആവശ്യപ്പെട്ടതായി വേണുഗോപാല്‍ മൊഴി നല്‍കിയിട്ടുണ്ട്. വേണുഗോപാല്‍ സമര്‍പ്പിച്ച വാട്‌സാപ്പ് ചാറ്റിലൂടെ സ്വപ്‌നയുടെ ബാങ്ക് ലോക്കറിലെ ഇടപാടുകള്‍ അദ്ദേഹം ശിവശങ്കറുമായി പങ്കുവച്ചെന്നും വ്യക്തമാകുന്നു. ഇക്കാര്യം അറസ്റ്റ് മെമ്മോയില്‍ പറയുന്നുമുണ്ട്.
മാത്രമല്ല, എന്‍.ഐ.എ. സ്വപ്നയുടെ ലോക്കറില്‍നിന്ന് പിടിച്ചെടുത്ത പണം ശിവശങ്കറിന്റേതാകാനും സാധ്യതയുണ്ട്. പി.എം.എല്‍.എ. നിയമം സെക്ഷന്‍ 50 പ്രകാരം വിവിധ വ്യക്തികളില്‍നിന്ന് എടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ എന്ന കുറ്റകൃത്യം നടത്തിയെന്നും അറസ്റ്റ് മെമ്മോയിലുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെയും സമാഹരിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍, നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ വലിയ അളവില്‍ പണം സമാഹരിച്ചിട്ടുള്ളതായി കണ്ടെത്തിയെന്നും അറസ്റ്റ് മെമ്മോയില്‍ വ്യക്തമാക്കുന്നു.
സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങളില്‍ ശിവശങ്കറിന് താല്‍പര്യമുണ്ടായിരുന്നുവെന്നും അറസ്റ്റ് മെമ്മോയിലൂടെ വ്യക്തമാണ്. സ്വപ്‌നയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഉതകുന്ന വരുമാനമുള്ള ജോലി ലഭിക്കുന്നതിന് സഹായിച്ചിട്ടുളളതായി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്.
ശിവശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ല. ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയോ തെറ്റായ വിവരങ്ങള്‍ നല്‍കി അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി വഴിതെറ്റിക്കുകയോ ചെയ്യുക എന്ന രീതിയാണ് ശിവശങ്കര്‍ സ്വീകരിക്കുന്നതെന്നും അറസ്റ്റ് മെമ്മോ വ്യക്തമാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *