
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ശിവശങ്കരനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് കോടതി കണ്ടെത്തിയ കോടതി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യത്തില്‍ ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും നിരീക്ഷിച്ചു.
സ്വപ്ന സുരേഷിന്റെയും പി.വേണുഗോപാലിന്റെയും മൊഴികള്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണ്. ഇ.ഡിക്ക് ഈ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറെ വിശദമായി ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. സമന്‍സ് പുറപ്പെടുവിച്ചാല്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ശിവശങ്കറിന് ബാധ്യതയുണ്ട്. ഒരു മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കാന്‍ ബാധ്യസ്ഥനാണ്.-ഇങ്ങനെ നിരീക്ഷിച്ച കോടതി നിലവില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി അപക്വമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി തള്ളിയത്.
സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയായ സ്വപ്നയുമായി ഔദ്യോഗിക ബന്ധമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ സ്വപ്നയുടെ സാമ്പത്തിക കാര്യങ്ങളില്‍ ശിവശങ്കര്‍ ഇടപെട്ടതെന്തിനാണെന്നും കോടതി ചോദിച്ചു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ ഈ കേസില്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിച്ചു.
പിഎംഎല്‍എയുടെ സെക്ഷന്‍ 19 പ്രകാരം അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുകയുള്ളൂ. അതിനാല്‍ തന്നെ അറസ്റ്റിനെ കുറിച്ച് ഈ ഘട്ടത്തില്‍ ആശങ്ക വേണ്ട. അറസ്റ്റ് ഭയപ്പെടേണ്ട ഒരു സാഹചര്യം ശിവശങ്കറിനു മുന്നിലില്ലെന്നും കോടതി പറഞ്ഞു.
ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന നിരീക്ഷണവും കോടതി നടത്തി. കസ്റ്റംസും ഇ.ഡിയും ഹാജരാക്കിയ നിര്‍ണായകമായ തെളിവുകള്‍ കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.