Breaking News

അന്വേഷണം ശരിയായി നടക്കണമെങ്കില്‍ പിണറായി രാജി വയ്ക്കണമെന്ന് കെ.സുരേന്ദ്രന്‍

കെ.സുരേന്ദ്രന്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ പിണറായി രാജി വയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി അറിയാതെ ശിവശങ്കറിന് വിദേശത്ത് പോകാന്‍ സാധിക്കില്ലെന്നും കള്ളക്കടത്തിന് എന്തെല്ലാം സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്ത് കൊടുത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവങ്കറിനെ ഇ.ഡി കസ്റ്റഡിയില്‍ എടുത്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.
ഐ.എ.എസ് ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത ബന്ധങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ മാറ്റിനിര്‍ത്തിയതെന്നായിരുന്നു മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത്. എന്നാല്‍ അതുമാത്രമല്ല കാരണമെന്ന് ഇപ്പോള്‍ വ്യക്തമാണ്. വ്യക്തമായ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി അറിയാതെ ശിവശങ്കറിന് വിദേശത്ത് ആശയ വിനിമയം നടത്താന്‍ കഴിയില്ല. ധന സഹായം ലഭിക്കാനും പണം കേരളത്തിലേക്ക് കൊണ്ടുവരാനും കഴിയില്ല. കൊണ്ടുവന്നിട്ടുള്ള പണത്തിന്റെ ഒരുഭാഗം ലൈഫ് മിഷനിലേക്കാണ് പോയത്. ശിവശങ്കറും സ്വപ്ന സുരേഷും വിദേശത്ത് നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ധനസഹായം ലൈഫ് മിഷനുവേണ്ടി വന്നത്. അന്വേഷണം ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേരളത്തിലേക്ക് വന്ന മറ്റ് ധനസഹായവും പരിശോധിക്കണമെന്നും ഏതൊക്കെ സംഘടനകള്‍ ഇതിന്റെ പിന്നിലുണ്ടെന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *