
പട്ന: ബിഹാറില്‍ ജനം ആദ്യഘട്ട വിധിയെഴുത്ത് പുരോഗമിക്കുന്നു. കോവിഡ് വ്യാപനത്തിനൊപ്പം നടക്കുന്ന തെരഞ്ഞെടുപ്പെന്ന നിലയില്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിബന്ധനകളോടെയാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.
കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീളന് ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ളത്. പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടുചെയ്യാന്‍ അ്ധികസമയവും അനുവദിച്ചിട്ടുണ്ട്.
1066 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട തെരഞ്ഞെടുപ്പായ ഇന്ന് ജനവിധി തേടുന്നത്. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ശ്രേയസി സിങ് എന്നിവരും നിലവിലെ ആറ് മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ഗയയും ഔറംഗബാദും ഉള്‍പ്പെടെ 71 മണ്ഡലങ്ങള്‍ ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നു.
വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ വോട്ടവകാശം വിനിയോഗിക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ ട്വീറ്റും വന്നിട്ടുണ്ട്. എല്ലാ വോട്ടര്‍മാരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.