
കോട്ടയം: മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ലീഗിന്റേത് വര്‍ഗ്ഗീയ കാഴ്ചപ്പാടെന്ന രൂക്ഷ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ. സാമ്പത്തിക സംവരണ വിഷയത്തില്‍ ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമര്‍ശനം. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് ‘സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന ലേഖനത്തില്‍ ലീഗിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ ലീഗിന്റെ നിലപാടില്‍ ആദര്‍ശത്തിന്റെ കണികപോലും കാണാനാകില്ലെന്നും ലേഖനം വിമര്‍ശിക്കുന്നു. പാര്‍ലമെന്റില്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്ത മുസ്ലിം ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലേഖനം നിരീക്ഷിക്കുന്നു.
ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്(ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്- ലേഖനത്തിലൂടെ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ചോദിക്കുന്നു.
ബി.ജെ.പി., കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ പരിശോധിക്കുന്ന ലേഖനം കോണ്‍ഗ്രസിനെതിരെയും യു.ഡി.എഫിനെതിരെയും വിമര്‍ശനം ഉന്നയിക്കുന്നു. നേതാക്കളുടെ അഭിപ്രായത്തില്‍ പോലും പരസ്പര വിരുദ്ധത നിഴലിക്കുന്നുവെന്നും വെല്‍ഫയര്‍ പാര്‍ട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളതെന്നും ലേഖനം പറയുന്നു. യു.ഡി.എഫിന് ഒരു പ്രകടനപത്രിക പുറത്തിറക്കാന്‍ പോലും സാധിക്കുമോയെന്ന സംശയവും ലേഖനം പങ്കുവയ്ക്കുന്നു.