
ഫരീദാബാദ്: ഹരിയാനയില്‍ പരീക്ഷയെഴുതാന്‍ പോയ 21കാരിയെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു. തിങ്കളാഴ്ച കൊമേഴ്‌സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ നികിത പരീക്ഷയെഴുതാന്‍ കോളേജില്‍ എത്തിയപ്പോഴാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ഫരീദാബാദിലെ ബല്ലാബ്ഗഢിലുള്ള കോളജിനു പുറത്തുവച്ചായിരുന്നു സംഭവം.
തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനാണ് തൗസീഫ് എന്ന യുവാവ് നികിതയെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം. തൗസീഫും സുഹൃത്ത് റെഹാനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കോളജിനു പുറത്ത് കാറില്‍ കാത്തിരുന്ന തൗസീഫും സുഹൃത്ത് റെഹാനും യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവിയില്‍നിന്നു ലഭിച്ചിട്ടുണ്ട്. നികിതയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാനാകും.
നികിത രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തൗസീഫ് പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ റെഹാന്‍ തൗസീഫിനെ വലിച്ചു കാറില്‍ കയറ്റി രക്ഷപ്പെട്ടു. തൗസീഫിനെ പിന്നീട് അറസ്റ്റ് ചെയ്തു. നികിത ആശുപത്രിയില്‍വച്ചു മരിച്ചു.
മകളുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി തൗസീഫിനെതിരെ 2018ല്‍ പരാതിപ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. പിന്നീട് മകളുടെ പേരു മോശമാകുമല്ലോ എന്നു വിചാരിച്ചു പരാതി പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ മകളെ കൊന്നുകളഞ്ഞുവെന്നും പിതാവ് പ്രതികരിച്ചു. 2018-ലെ പരാതി പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഫരീദാബാദ്-മഥുര ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.