സംസ്‌കാരം നടന്നെന്നു കരുതി കുടുംബം മരണാനന്തര ചടങ്ങുകള്‍ നടത്തി

തിരുവനന്തപുരം: ഇരുപത് ദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വീഴ്ച വരുത്തിയെന്ന് പരാതി. ഒക്ടോബര്‍ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചല്ലൂര്‍ സ്വദേശി ദേവരാജന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ 20 ദിവസമായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വീട്ടില്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കരിക്കാമെന്ന് ഉറപ്പുനല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം മറ്റൊരു ആവശ്യത്തിനായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ലെന്ന് കുടുംബം അറിഞ്ഞത്. സംസ്‌കാരം നടന്നുവെന്ന് കരുതി ദേവരാജന്റെ മരണാനന്തര ചടങ്ങുകളും കുടുംബം നടത്തിയിരുന്നു.
അതേസമയം, മോര്‍ച്ചറിയിലുള്ള മൃതദേഹം സംസ്‌ക്കരിക്കാന്‍ ബന്ധുക്കളുടെ സത്യവാങ്മൂലം വേണമെന്നും ദേവരാജന്റെ ബന്ധുക്കള്‍ സത്യവാങ്മൂലം നല്‍കാത്തതാണ് മൃതദേഹം ദഹിപ്പിക്കാത്തിന് കാരണമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.
സത്യവാങ്മൂലത്തിന്റെ കാര്യം ബന്ധുക്കളെ ബോധ്യപ്പെടുത്തേണ്ട ആശുപത്രി അധികൃതര്‍ ഇക്കാര്യം പക്ഷേ ദേവരാജന്റെ കുടുംബത്തെ അറിയിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഔദ്യോഗിക വിശദീകരണം ഇതുവരെ ആശുപത്രി അധികൃതര്‍ നല്‍കിയിട്ടില്ല.
സെപ്റ്റംബര്‍ 18ന് ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ദേവരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ദേവരാജന് കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയതോടെ കൂടെയുണ്ടായിരുന്ന ഭാര്യ വീട്ടിലേക്ക് മടങ്ങി. പിന്നാലെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. അവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ഒക്ടോബര്‍ രണ്ടിന് ദേവരാജിന്റെ മരണവിവരം ആശുപത്രിയില്‍ നിന്ന് കുടുംബത്തെ അറിയിച്ചു. സംസ്‌കാരത്തിനായി സ്വന്തമായി വീടും സ്ഥലവുമില്ലെന്ന് അറിയിച്ചപ്പോള്‍ മൃതദേഹം കൊല്ലത്തെ ഏതെങ്കിലും ശ്മശാനത്തില്‍ സംസ്‌കരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെത്തിയാണ് കുടുംബാംഗങ്ങള്‍ സംസ്‌കാരത്തിനുള്ള സത്യവാങ്മൂലം എഴുതി നല്‍കിയത്. ഇന്ന് മൃതദേഹം സംസ്‌കരിക്കുമെന്ന് പോലീസ് കുടുംബത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സുലൈമാന്‍ കുഞ്ഞ് എന്ന വ്യക്തിയുടെ മൃതദേഹം അജ്ഞാത മൃതദേഹത്തിനൊപ്പം തള്ളിയ സാഹചര്യവും അടുത്തിടെ ഉണ്ടായിരുന്നു.