
മുംബൈ: മുതിര്‍ന്ന ബി.ജെ.പി നേതാവ് ഏക്നാഥ് ഖഡ്സെയുടെ കൂറുമാറ്റം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വഴിത്തിരവുകള് സൃഷ്ടിച്ചേക്കും. ബി.ജെ.പിയില്‍നിന്ന് ഖഡ്സെ രാജിവയ്ക്കേണ്ടിവന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ പല സംസ്ഥാന നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കുവഹിച്ച നേതാവാണ് ഏക്നാഥ് ഖഡ്സെ. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ ഖഡ്സെ തഴയപ്പെട്ടു. അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ഖഡ്സെക്ക് ആ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ബി.ജെ.പിയില്‍നിന്ന് രാജി വച്ച് എന്‍.സി.പിയില്‍ ചേരാനുള്ള തീരുമാനം.
എന്നാല്‍, ഖഡ്സെക്ക് പിന്നാലെ ബി.ജെ.പിയില്‍നിന്ന് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും നേതൃത്വം കൊടുക്കുന്ന മഹാ വികാസ് അഘാഡയിലേക്ക് വേറെയും നേതാക്കള്‍ ചുവടുമാറുമോയെന്നതാണ് ഇപ്പോള്‍ ബി.ജെ.പിയെ വിഷമവൃത്തത്തിലാക്കുന്നത്.
വലിയ താമസമൊന്നുമില്ലാതെ മഹാ വികാസ് അഘാഡ തകരുമെന്നാണ് ബി.ജെ.പി കരുതിയത്. എന്നാല്‍, അതില്‍നിന്ന് വ്യത്യസ്തമായി മുന്നണി ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കഴിയുന്നുണ്ട്. ഇവിടെയാണ് അധികാരം മോഹിക്കുന്ന ബി.ജെ.പി നേതാക്കള്‍ പാര്‍ട്ടിയില്‍നിന്ന് രാജി വച്ച് മഹാ വികാസ് അഘാഡയിലേക്ക് പോകുമോയെന്ന് ബി.ജെ.പി ഭയക്കുന്നതും.
അധികാര സ്ഥാനത്തുനിന്നും ഖാഡ്സെ അകറ്റിനിര്ത്തപ്പടാന് കാരണം ദേവേന്ദ്ര ഫട്നാവിസ് ആണെന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി നടന്ന അധികാര വടംവലിയില്‍ ദേവേന്ദ്ര ഫട്നാവിസിന്റെ താല്പര്യത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വം മുന്തിയ പരിഗണന കൊടുത്തിരുന്നു.
അതുകൊണ്ടുതന്നെ ഖാഡ്സെയുടെ രാജിയും മറ്റ് നേതാക്കള്‍ക്ക് ഇക്കാര്യത്തിലുള്ള അമര്‍ഷവും കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്താല്‍ ഫട്നാവിസ് ആയിരിക്കും മഹാരാഷ്ട്രയില്‍ ബി.ജെ.പി നേരിടുന്ന പ്രതിസന്ധിക്ക് പ്രധാനമായും ഉത്തരം പറയേണ്ടിവരിക.