
മലപ്പുറം: സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ ഗുരുതര ആരോപണം. ദുബായില്‍ ജോലി ചെയ്യുന്ന എടപ്പാള്‍ സ്വദേശിയായ യാസറിനെ യു.എ.ഇയില്‍ നിന്ന് നാടുകടത്താന്‍ ജലീല്‍ യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ സഹായം തേടി എന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്. അതോടെ, മൊഴിയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി യാസറിന്റെ കുടുംബം രംഗത്തെത്തി.
ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന്റെ പേരിലാണ് യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ ജലീല്‍ സഹായം തേടിയെന്നാണ് സ്വപ്നയുടെ മൊഴി. കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ ഇന്ത്യന്‍ പൗരനെ നാടുകടത്താന്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് കെ.ടി. ജലീലിനെതിരേ ഉയരുന്നത്.
കൊണ്ടോട്ടി അബു എന്ന ഫെയ്സ്ബുക്ക് പേജിന് നേതൃത്വം നല്‍കുന്നയാളാണ് യാസര്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ പോലീസ് വീട്ടില്‍ റെയ്ഡ് നടത്തിയെന്നും ജനാധിപത്യ വിരുദ്ധനായ ജലീലിന്റെ നീക്കം ഏറെ ദുഖമുണ്ടാക്കിയതായും ലീഗ് പ്രാദേശിക നേതാവ് കൂടിയായ യാസിറിന്റെ പിതാവ് എം.കെ.എം.അലി പറഞ്ഞു.