
കൊച്ചി: കള്ളനെന്ന് വിളിച്ച് അപമാനിച്ച പിണറായി വിജയനെക്കൊണ്ടുതന്നെ പരിശുദ്ധനെന്ന് വിളിപ്പിച്ച ജോസ്.കെ.മാണിയെ അഭിനന്ദിച്ച് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. എന്നാല്‍, സാമ്പത്തിക നേട്ടത്തിനായി എന്തും ചെയ്യുന്ന ജോസ്.കെ.മാണിയെ കൂടെകൂട്ടാനുള്ള തീരുമാനം ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്നും മാണി സാര്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് ഞാന്‍ ഉറപ്പിച്ച് പറയുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണിയുടെ വീട്ടിലെ നോട്ടെണ്ണല്‍ യന്ത്രം കണ്ടിട്ടുണ്ടെന്ന പറഞ്ഞ പി.സി.ജോര്‍ജ് നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്നു പുറംലോകം അറിഞ്ഞതെങ്ങനെയെന്നും വിശദീകരിച്ചു. ബാര്‍ക്കോഴയായി പണം കൊടുക്കാന്‍ വന്ന മുതലാളിമാര്‍ വരുന്ന വഴി ബാറില്‍ കയറി ഒന്നു മിനുങ്ങിയിട്ട് കോഴ കൊടുക്കാന്‍ കരുതിയിരുന്ന പണത്തില്‍നിന്ന് ബില്ല് അടച്ചു. ലക്ഷങ്ങളില്‍നിന്ന് ഒരു പതിനായിരം കുറഞ്ഞാല്‍ മാണി സാര്‍ എങ്ങനെ അറിയാനാ എന്ന് അവര്‍ ചിന്തിച്ചു.
അങ്ങനെ അവര്‍ മാണിയുടെ വീട്ടിലെത്തി പണവും കൊടുത്തു മടങ്ങി. പണം കൊടുത്ത് മടങ്ങി ഒരു 50 മീറ്റര്‍ പോയി കാണും അപ്പോഴേക്കും വിളി വരുന്നു. ഇതില്‍ പതിനായിരം കുറവുണ്ടല്ലോ എന്ന്. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ യന്ത്രമല്ലാതെ എന്താണുള്ളത്. അവിടെ നോട്ടെണ്ണുന്ന യന്ത്രമുണ്ട്-പി.സി ജോര്‍ജ് പറഞ്ഞു.
ജോസ്.കെ മാണിയെ പോലെ ഇടതുപക്ഷത്തേക്ക് പോകാന്‍ വല്ല തീരുമാനവുമുണ്ടോ എന്ന ചോദ്യത്തിന് എന്റെ പട്ടി പോകും എല്‍.ഡി.എഫിലോട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.