Breaking News

അശാസ്ത്രീയ റോഡ് നിര്‍മ്മാണം: വര്‍ക്കലയിലെ ടൂറിസം വികസനം ജനത്തിന് ദുരിതമാകുന്നു

ജയകൃഷ്ണ ലക്ഷ്മി

വര്‍ക്കല: ടൂറിസം മേഖലയിലെ വികസനത്തിന്റെ പേരില്‍ നടത്തിയിട്ടുള്ള റോഡ് ഉള്‍പ്പെടെയുള്ള അശാസ്ത്രീയവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ദുരിതമായി മാറുന്നു. വര്‍ക്കല കുരയ്ക്കണ്ണി മംഗ്ലാവ്മുക്ക് മുതല്‍ ടൂറിസ്റ്റ് മേഖലയിലേക്ക് നിര്‍മ്മിച്ച റോഡാണ് ഇപ്പോള്‍ പരിസരവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ശാപമായി മാറിയിരിക്കുന്നത്.

മംഗ്ലാവ് മുക്കില്‍ വെള്ളക്കെട്ട് തുടങ്ങുന്ന സ്ഥലം

റോഡ് നിര്‍മ്മിക്കുമ്പോള്‍ റോഡിന് അരികിലൂടെ വെള്ളമൊഴുകിപ്പോകാനുള്ള ഓടയും നിര്‍മ്മിക്കണമെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, വര്‍ക്കല മുനിസിപ്പാലിറ്റി മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ നേതൃത്വം കൊടുത്തിട്ടുള്ള ഭരണസമിതികള്‍ക്കൊന്നും അതറിയില്ലെന്ന രീതിയിലാണ് കാര്യങ്ങള്‍.
മംഗ്ലാവ് മുക്ക് വരെ ഓടയിലൂടെ ഒഴുകിവരുന്ന വെള്ളം ടൂറിസംമേഖലയിലേക്ക് തിരിയുന്ന ഭാഗത്തെത്തുമ്പോള്‍ ഓടയില്ലാത്തതു കാരണം റോഡിലേക്ക് ഇറങ്ങുന്നു. ഇതുകാരണം ഈ പ്രദേശം ഇപ്പോള്‍ വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. ഈ റോഡിന് ഇരുവശത്തുമുള്ള വീടുകള്‍ ഇപ്പോള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

വെള്ളം കയറാതിരിക്കാന്‍ ചാക്കില്‍ മണല്‍ നിറച്ച് വീടിന് മുന്നില്‍ വച്ചിരിക്കുന്നു

വര്‍ക്കല മുനിസിപ്പാലിറ്റിയിലെ പ്രദേശങ്ങള്‍ ഭൂമിശാസ്ത്രപരമായി വെള്ളപ്പൊക്ക ഭീഷണിയില്‍നിന്ന് മുക്തമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പ്രകൃതിതന്നെ കനിഞ്ഞു നല്‍കിയ അത്തരമൊരു സുരക്ഷിതമായ അവസ്ഥയില്‍നിന്ന് വെള്ളപ്പൊക്ക ഭീഷണിയിലേക്ക് ജനങ്ങളെ തള്ളിവിടുന്നത് അശാസ്ത്രീയവും ദീര്‍ഘവീക്ഷണവുമില്ലാത്ത ഇത്തരം വികസന പ്രവര്‍ത്തനങ്ങളാണ്.

ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന വെള്ളക്കെട്ട്

ഈ റോഡില്‍ നിരവധി കുഴികളുമുണ്ട്. മഴക്കാലത്ത് റോഡ് വെള്ളക്കെട്ടായി മാറുമ്പോള്‍ കുഴികള്‍ വെള്ളംകൊണ്ട് മൂടും. സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും യാത്രചെയ്യുന്ന ടൂറിസ്റ്റുകള്‍ക്ക് ഇത് വലിയ അപകടമുണ്ടാക്കാനും സാധ്യതയുണ്ട്. ടൂറിസ്റ്റുകള്‍ക്ക് വേണ്ടി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ടൂറിസ്റ്റുകളുടെയും നാട്ടുകാരുടെയും ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യമാണുള്ളത്.
ടൂറിസം ശക്തിപ്പെടുന്നതിന് മുമ്പ് ഈ റോഡ് നിര്‍മ്മിച്ചിരിക്കുന്ന സ്ഥലം വെള്ളം ഒഴുകിപ്പോകുന്ന തോടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയുടെ സ്വഭാവത്തെത്തന്നെ പാടെ തകര്‍ത്തുകൊണ്ടാണ് ഈ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിട്ടുള്ളതും നടക്കുന്നതും.

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വീട്‌

വികസനം അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലെങ്കിലും ഭാവിയില്‍ തങ്ങള്‍ക്ക് ദോഷകരമായി തീരാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പരിസരവാസികള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. പല വീടുകളിലും വെള്ളം കയറാതിരിക്കാന്‍ ചാക്കില്‍ മണല്‍നിറച്ച് ഗേറ്റിന് മുന്നില്‍ അടുക്കിവച്ചിരിക്കുകയാണ്.
റിസോര്‍ട്ട് മാഫിയയെ സഹായിക്കാനാണോ അധികൃതര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് സംശയിച്ചാലും തെറ്റുപറയാനാവില്ല. കാരണം, ഇവിടങ്ങളില്‍ ഇപ്പോള്‍ പൊന്നുംവിലയാണ് ഭൂമിക്കുള്ളത്. വെള്ളപ്പൊക്ക ഭീഷണിയിലായാല്‍ ഇവിടെയുള്ള താമസക്കാര്‍ വീടും പറമ്പും വില്‍ക്കാന്‍ തയാറാകും. വെള്ളക്കെട്ടുള്ള പ്രദേശത്തെ വീടുകള്‍ വാങ്ങാന്‍ ആളെ കിട്ടാതെയും വരും. ആ സാഹചര്യത്തില്‍ നിസ്സാരവിലയ്ക്ക് റിസോര്‍ട്ട് മാഫിയകള്‍ക്ക് ഭൂമി വാങ്ങിക്കൂട്ടാനും സാധിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *