Breaking News

എം.ശിവശങ്കറിനെ കൊച്ചി ഓഫീസിലും സ്വപ്‌നയെ ജയിലിലും കസ്റ്റംസ് ചോദ്യംചെയ്യുന്നു

എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്‌

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചി ഓഫീസിലും സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ കാക്കനാട് ജയിലിലും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഈന്തപ്പഴം ഇറക്കുമതിക്കേസിലാണ് കസ്റ്റംസ് സംഘം ഇരുവരെയും സമാന്തരമായി ചോദ്യം ചെയ്യുന്നത്.
ശിവശങ്കറിന്റെയും സ്വപ്‌നയുടെയും ഉത്തരങ്ങള്‍ തല്‍സമയം പരിശോധിച്ച് മുന്നോട്ടു പോകുന്ന രീതിയിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ശിവശങ്കര്‍ നല്‍കുന്ന ഉത്തരങ്ങളെ നേരത്തെ പ്രതികള്‍ നല്‍കിയ മൊഴികളുമായി ഒത്തുനോക്കി ഉറപ്പുവരുത്തുന്നുമുണ്ട്. പൊരുത്തക്കേട് തോന്നിപ്പിക്കുന്ന ഉത്തരങ്ങള്‍ ഉണ്ടായാല്‍ പ്രതികളോടും ശിവശങ്കറിനോടും വീണ്ടും ചോദ്യം ആവര്‍ത്തിക്കും.
ഇന്ന് രാവിലെ 10 മണിക്കാണ് സ്വപ്‌നയെ ചോദ്യം ചെയ്യാന്‍ ഒരു സംഘം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജയിലില്‍ എത്തിയത്. 10.30 ഓടെ ശിവശങ്കറും കസ്റ്റംസിന്റെ കൊച്ചി ആസ്ഥാനത്തെത്തി. കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്.
പ്രതികളെ ജയിലില്‍ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം കോടതിയുടെ അനുമതി നേടിയിരുന്നു. നിലവില്‍ ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്തു കേസുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഒന്നുംതന്നെ എന്‍.ഐ.എയ്‌ക്കോ കസ്റ്റംസിനോ ലഭിച്ചിട്ടില്ല. എന്നാല്‍ പ്രതികളില്‍നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിരുന്നു. ഇതില്‍ ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന സൂചനകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇറക്കുമതി ചെയ്ത 17,000 കിലോ ഈന്തപ്പഴം സാമൂഹികനീതി വകുപ്പ് വഴിയാണ് വിതരണം ചെയ്തത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ശിവശങ്കര്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പദ്ധതി നടപ്പാക്കിയതെന്നും അന്നത്തെ സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി.അനുപമ ഐഎഎസ് മൊഴി നല്‍കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇത്രയും അധികം അളവില്‍ ഇറക്കുമതി ചെയ്തിട്ടും എല്ലാ ജില്ലയിലേക്കും വിതരണം എത്തിയിട്ടില്ലെന്നു കണ്ടെത്തി. അതുകൊണ്ടുതന്നെ ബാക്കി ഈന്തപ്പഴം എവിടേക്കാണു പോയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തതയും സംശയങ്ങളും നിലനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളും തല്‍സമയം ടി.വി.അനുപമയെ ഫോണില്‍ വിളിച്ചു കൃത്യത വരുത്തുകയാണ് സംഘം ചെയ്യുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *