Breaking News

വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്

ഏഴാച്ചേരി രാമചന്ദ്രന്

ആലപ്പുഴ: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെര്‍ജീനിയന്‍ വെയില്‍കാലം എന്ന കൃതിയാണ് ഏഴാച്ചേരിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 41 കവിതകളുടെ സമാഹാരമാണ് ഒരു വെര്‍ജീനിയന്‍ വെയില്‍കാലം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കല ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. കെ.പി മോഹനന്‍, ഡോ. എന്‍. മുകുന്ദന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് നാല്‍പത്തി നാലാമത് വയലാര്‍ അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ച ഏഴാച്ചേരി രാമചന്ദ്രന്‍ പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് ആയും പ്രവര്‍ത്തിക്കുന്നു. മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചു. ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂര്‍, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകള്‍. ഉയരും ഞാന്‍ നാടാകെ, കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം) എന്നിവയാണ് മറ്റു കൃതികള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *