
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നിരിക്കുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നത് ഉചിതമല്ലെന്ന് യോഗം വിലയിരുത്തി. കൗണ്ടറുകളിലൂടെയുള്ള പാര്‍സല്‍ വില്പന തുടരാനും യോഗം തീരുമാനിച്ചു.
രോഗവ്യാപനത്തിന്റെ തോത് വിലയിരുത്തിയ ശേഷം ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. യോഗത്തില്‍ പങ്കെടുത്തവരാരും വ്യത്യസ്തമായ നിലപാട് രേഖപ്പെടുത്തിയില്ല.
സെപ്റ്റംബര്‍ രണ്ടാംവാരം ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കര്‍ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിട്ടുണ്ടെന്നും കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടെയും അനുവദിക്കാമെന്നുമായിരുന്നു എക്സൈസ് കമ്മീഷണര്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് നല്‍കിയത്. എക്സൈസ് കമ്മീഷണറടക്കം ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു.