
മുംബൈ: വിജയ് മല്യയ്ക്ക് എതിരെ യുകെയില്‍ നടക്കുന്ന നിയമ നടപടികളെക്കുറിച്ച് അറിവില്ലെന്നു സുപ്രീം കോടതിയില്‍ അറിയിച്ച കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടര്‍ന്നു ഇന്ത്യയില്‍നിന്നു മുങ്ങിയ മല്യക്കെതിരെ യുകെയില്‍ നടക്കുന്ന നിയമനടപടികളുടെ രഹസ്യസ്വഭാവം കാരണം അതു പൂര്‍ത്തിയാകുന്നതുവരെ വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാനാവില്ലെന്ന് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് ശിവസേന ഉയര്‍ത്തുന്നത്. ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ഹത്രാസ് സംഭവത്തിലെ ഗൂഢാലോചനയും ബോളിവുഡിന്റെ ലഹരി ബന്ധങ്ങളുമൊക്കെ അറയുന്ന കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വിജയ് മല്യയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലൂടെ പരിഹസിച്ചു.
പ്രതിപക്ഷം എന്തെങ്കിലും വിവരം ആവശ്യപ്പെടുമ്പോഴും വിവരമൊന്നും ലഭ്യമല്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് സര്‍ക്കാര്‍. കോടതി ആവശ്യപ്പെട്ടാലും തങ്ങള്‍ക്കും ഒന്നുമറിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ പറയും. എത്ര തവണ, എത്ര കേസിലാണ് സര്‍ക്കാര്‍ തങ്ങള്‍ക്കൊന്നും അറിയില്ല എന്ന് പറയാന്‍ പോകുന്നത്- മുഖപ്രസംഗത്തില്‍ ശിവസേന ചോദിച്ചു.