Breaking News

ഹത്രാസ്: കൂട്ടബലാല്‍സംഗത്തിനിരയായെന്ന മൊഴി സ്ഥിരീകരിച്ച് പോലീസ്

പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലം. ഫോട്ടോ: എ.എഫ്.പി

ലക്നൗ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിച്ച് യു.പി പോലീസ്. പെണ്‍കുട്ടി രണ്ട് തവണ മൊഴി നല്‍കിയെന്ന് പോലീസ് പറഞ്ഞു. ആദ്യ മൊഴിയില്‍ ബലാത്സംഗം നടന്നതായി പറഞ്ഞില്ല, പ്രതി സന്ദീപ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് മൊഴി നല്‍കിയത്. ഒക്ടോബര്‍ 22ന് നല്‍കിയ രണ്ടാമത്തെ മൊഴിയിലാണ് കൂട്ടബലാല്‍സംഗത്തിനിരയായ വിവരം പെണ്‍കുട്ടി പറഞ്ഞതെന്നും പോലീസ് വിശദീകരിക്കുന്നു.
അലിഗഡിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം കഴിഞ്ഞ മാസം 19നാണ് ആദ്യ മൊഴി നല്‍കിയത്. ആ മൊഴിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായകാര്യം പറഞ്ഞിട്ടില്ല എന്നാണ് പോലീസിന്റെ പുതിയ വെളിപ്പെടുത്തല്‍. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം 22നാണ് രണ്ടാമത്തെ മൊഴി നല്‍കിയത്. രണ്ടാമത് മൊഴിയെടുക്കുമ്പോള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂടെയുണ്ടായിരുന്നു.
നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു എന്നതിന് അപ്പുറം മറ്റ് കാര്യങ്ങള്‍ പറയാന്‍ പെണ്‍കുട്ടി തയ്യാറായില്ലെന്നും ഉത്തര്‍പ്രദേശ് പോലീസ് പറയുന്നു. എന്നാല്‍, ഇക്കാര്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിഷേധിച്ചു. ആദ്യമൊഴിയില്‍ തന്നെ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട കാര്യം വെളിപ്പെടുത്തിയിരുന്നതായാണ് മാതാപിതാക്കള്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കള്‍ സമ്മതിച്ചില്ലെന്നും പോലീസ് ആരോപണം ഉന്നയിച്ചു. ഇതിനിടെ, പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസം കൂടി നീട്ടി നല്‍കി. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *