
വര്‍ക്കല: 53 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് മുറിവേല്‍പിച്ച കേസില്‍ 38കാരന്‍ കാമുകനെ അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഹരിഹരപുരം നെല്ലേറ്റുമുക്കില്‍ തട്ടാന്റഴികത്ത് വീട്ടില്‍ സുഭാഷ്(38) ആണ് അറസ്റ്റിലായത്. ഇലകമണ്‍ പഞ്ചായത്തിലെ ഹരിഹരപുരം തോണിപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ലതിക(53) എന്ന സ്ത്രീക്കാണ് പരുക്കേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്ച അമിതമായി മദ്യപിച്ചെത്തിയ സുഭാഷ് ലതികയെ മൃഗീയമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച നാട്ടുകാര്‍ ഇടപെട്ടാണ് സംഭവം അയിരൂര്‍ പോലീസില്‍ അറിയിച്ചത്. ലതികയുടെ തല പിടിച്ച് ചുവരില്‍ ഇടിച്ച ശേഷം മുഖത്തും ഇടിച്ച് മാരകമായി മുറിവേല്‍പിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനമേറ്റിട്ടും പേടി കാരണം ലതിക താമസിക്കുന്ന മുറിയില്‍നിന്ന് രണ്ട് ദിവസമായി പുറത്തിങ്ങിയിരുന്നില്ല. വീട്ടുകാരില്‍നിന്നും അകന്ന് പ്രതിയായ സുഭാഷ് ലതികയ്‌ക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ സെക്ഷന്‍ 379 പ്രകാരവും എസ്.സി/എസ്.ടി നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി വര്‍ക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്‍ പറഞ്ഞു. എന്നാല്‍, സംഭവം നടന്നത് പരവൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ഭൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ആയതിനാല്‍ അയിരൂര്‍ പോലീസ് കേസ് പരവൂര്‍ പോലീസിന് കൈമാറുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു.