

ഇടുക്കി: ഒറ്റമുറി വീടിന് കറണ്ട് ബില്‍ 50000 രൂപ! ഭീമമായ കറണ്ട് ബില്‍ അടയ്ക്കാന്‍ പണമില്ലാതെ നിസ്സഹായയായി വയോധിക. ഇടുക്കി വാഗമണ്‍ സ്വദേശിയായ അന്നമ്മ താമസിക്കുന്ന ഒറ്റ മുറി വീടിനാണ് 50000 രൂപ ബില്‍ ലഭിച്ചത്. വീട്ടില്‍ മൂന്ന് ബള്‍ബും വല്ലപ്പോഴും പ്രവര്‍ത്തിപ്പിക്കുന്ന ടി.വിയും ഫ്രിഡ്ജും മാത്രമാണുള്ളത്. വന്‍തുക ബില്ല് വന്നപ്പോള്‍ കെ.എസ്.ഇ.ബിയില്‍ പരാതി നല്‍കിയെങ്കിലും അവിടെനിന്ന് പരിഹാസമാണ് നേരിടേണ്ടി വന്നതെന്നും അന്നമ്മ പറഞ്ഞു. ബില്ലില്‍ കാണിച്ചിരിക്കുന്ന തുക അടയ്ക്കാതെ പറ്റില്ലെന്നും നിങ്ങള്‍ ഉപയോഗിച്ച കറന്റിന് ഞങ്ങളാണോ ബില്ലടക്കേണ്ടതെന്ന് ചോദിച്ച് ഉദ്യോഗസ്ഥര്‍ പരിഹസിച്ചെന്നും അന്നമ്മ വ്യക്തമാക്കി.





എല്ലാത്തവണയും കൃത്യമായി ബില്ല് അടക്കുമായിരുന്നുവെന്നും ഏറ്റവും കൂടുതല്‍ ബില്ല് വന്നത് 550 രൂപയാണെന്നും അവര്‍ പറഞ്ഞു. ബില്‍ കുടിശ്ശിക വന്നതിനെ തുടര്‍ന്ന് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചു. 15 ദിവസമായി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഈ കുടുംബം കഴിയുന്നത്. കറണ്ട് ഇല്ലാത്തതിനാല്‍ വൈകിട്ട് ആറ് മണിക്ക് കിടന്നു ഉറങ്ങും. ഇഴജന്തുക്കളുടെ ശല്യവും സഹിക്കാന്‍ വയ്യെന്നും അന്നമ്മ നിസ്സഹായതയോടെ പറഞ്ഞു. മൂന്ന് ബള്‍ബും വല്ലപ്പോഴും പ്രവര്‍ത്തിപ്പിക്കുന്ന ടി.വിയും ഫ്രിഡ്ജും മാത്രമുള്ള ഈ ഒറ്റ മുറി വീടിന് എങ്ങനെയാണ് 50000 രൂപയുടെ ബില്‍ വന്നതെന്ന് അന്വേഷിക്കാന്‍പോലും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്നാണ് അന്നമ്മയുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്.



