
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിട്ട ഡല്‍ഹിയില്‍ 44 ഓക്സിജന്‍ പ്ലാന്റുകള്‍ ഒരു മാസത്തിനകം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതില്‍ എട്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും. 36 പ്ലാന്റുകള്‍ ഡല്‍ഹി സര്‍ക്കാറും സ്ഥാപിക്കും. ഇതില്‍ 21 റെഡി ടു യൂസ് ഓക്സിജന്‍ പ്ലാന്റുകള്‍ ഫ്രാന്‍സില്‍നിന്ന് വരുത്തുന്നവയാണ്. 15 എണ്ണം തദ്ദേശീയമായി നിര്‍മ്മിക്കും.
അതേസമയം, ഡല്‍ഹിയില്‍ ഓക്സിജന്‍ ടാങ്കറുകളുടെ ദൗര്‍ലഭ്യമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. ടാങ്കറുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ബാങ്കോക്കില്‍ നിന്ന് 18 ഓക്സിജന്‍ ടാങ്കറുകള്‍ ഇറക്കുമതി ചെയ്യും. ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനായെന്നും കെജ്രിവാള്‍ പറഞ്ഞു. ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമത്തിന് നിലവില്‍ പരിഹാരമുണ്ടായിട്ടുണ്ടെന്നും രോഗികളെ വീണ്ടും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു തുടങ്ങിയതായും ഡല്‍ഹിയിലെ ആശുപത്രി വൃത്തങ്ങളും അറിയിച്ചു. 70 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ വഹിച്ചുകൊണ്ടുളള ഓക്സിജന്‍ എക്സ്പ്രസ് ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇത് വിവിധ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യും.