

വർക്കല:നഗരസഭയിൽ വികസന മുരടിപ്പും ഭരണസ്തംഭനവും ആരോപിച്ച് ബി.ജെ.പി. കൗൺസിലർമാർ നഗരസഭാ ഓഫീസിനു മുന്നിൽ 24 മണിക്കൂർ ധർണ തുടങ്ങി. തെരുവുവിളക്ക് കത്തിക്കുക, ശ്മശാനം യാഥാർഥ്യമാക്കുക, താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമാക്കുക, അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റുക, തെരുവുനായ ശല്യം ഇല്ലാതാക്കുക തുടങ്ങി 23 ആവശ്യങ്ങളാണ് കൗൺസിലർമാർ ഉന്നയിക്കുന്നത് . വർക്കല മണ്ഡലം പ്രസിഡന്റ് സജി മുല്ലനല്ലൂർ അധ്യക്ഷനായ ചടങ്ങിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളിലെ അഴിമതിക്കെതിരേ ബി.ജെ.പി. ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. കൗൺസിലർമാരായ ആർ.അനിൽകുമാർ, പ്രിയാ ഗോപൻ, എസ്.ഉണ്ണികൃഷ്ണൻ, എ.ആർ.അനീഷ്, വി.ആർ.വിജി, ആർ.രാഖി, വി.സിന്ധു, ടി.എസ്.അശ്വതി, സിന്ധു വിജയൻ, ഷീന കെ.ഗോവിന്ദ്, കെ.എൽ.അനു എന്നിവരാണ് 24 മണിക്കൂർ ധർണയിൽ പങ്കെടുക്കുന്നത്. ബി ജെ പി നേതാക്കളായ വെള്ളാഞ്ചിറ സോമശേഖരൻ, ബാലമുരളി, ഇലകമൺ സതീശൻ, തച്ചോട് സുധീർ, മടവൂർ സന്തോഷ്, കെ.ജി.സുരേഷ്, കോവിലകം മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.
