
ന്യൂഡല്‍ഹി: ഹത്രാസ് സംഭവം ഭീകരവും ഭീതിദവും അനന്യസാധാരണവുമെന്ന് സുപ്രീം കോടതി. ഹത്രാസില്‍ പെണ്‍കുട്ടി ദാരുണമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ സുപ്രീംകോടതി അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നതെന്നാണ് സൂചന. കേസിലെ സാക്ഷികള്‍ക്ക് ഏതൊക്കെ തരത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സത്യവാങ്മൂലം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ഇതിന്റെ തെളിവാണ്. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ ഉള്ള അന്വേഷണത്തിന് ഉത്തരവിടണമെന്ന് യു.പി. സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
ശക്തമായ ഇടപെടലാണ് ഹത്രാസ് കേസില്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ഇതിന്റെ വിശദവിവരങ്ങള്‍ കോടതിക്ക് സത്യവാങ്മൂലമായി തരണമെന്ന് ആവശ്യപ്പെട്ടു. ഇരയുടെ കുടുംബത്തിന് പ്രത്യേക അഭിഭാഷക സഹായം ആവശ്യമുണ്ടോയെന്നും അറിയിക്കണം. കുടുംബം ആവശ്യപ്പെട്ടാല്‍ പ്രഗത്ഭരായ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്നും കോടതി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് തെറ്റായ പല അഭ്യൂഹങ്ങളും വ്യാഖ്യാനങ്ങളും പ്രചരിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. അത് ഒഴിവാക്കുന്നതിനായി കോടതി മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം എന്ന ആവശ്യം പിന്തുണയ്ക്കുന്നതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഉന്നാവോ കേസിലെ പോലെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ഇന്ദിര ജയ്സിംഗ് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ നിയമ പ്രകാരം കേസ് എടുക്കണമെന്നും ജയ്‌സിംഗ് വാദിച്ചു.
ഹത്രാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയമായിട്ടില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കലാപം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് രാത്രി മൃതദേഹം സംസ്‌കരിച്ചത് എന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത ആഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.