
പിന്നില്‍ ഇസ്രയേലില്‍ ജോലിചെയ്യുന്ന വനിത
പണം വാഗ്ദാനം ചെയ്‌തെന്നും സോബി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ തന്നെ സ്വാധീനിക്കാന്‍ ശ്രമമെന്ന് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. കേസന്വേഷണത്തിന്റെ ഭാഗമായി സിബിഐ നടത്തിയ നുണ പരിശോധനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴിയാണ് നാലുപേരുള്‍പ്പെട്ട സംഘം തന്റെയടുക്കല്‍ എത്തിയതെന്ന് സോബി പറയുന്നു. മൊഴി മാറ്റി പറയണമെന്ന ആവശ്യവുമായി മൂന്നു തവണ തന്റെയടുത്ത് എത്തിയെന്നും അവര്‍ തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നും സോബി വെളിപ്പെടുത്തുന്നു.
നാലംഗ സംഘം തന്റെയടുക്കല്‍ വന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ആവശ്യപ്പെട്ടാല്‍ ഇവ ഹാജരാക്കാമെന്നും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോയില്‍ സംഭാഷണമില്ലെന്നും സോബി പറയുന്നു. 2019 നവംബര്‍ മാസത്തിലും ഡിസംബര്‍ അവസാനവും ജനുവരി 18നുമാണ് ഇവര്‍ തന്നെ സമീപിച്ചത്.
മൂന്നു പ്രാവശ്യവും നാലുപേരടങ്ങുന്ന സംഘമാണ് വന്നത്. അതില്‍ മൂന്നുതവണയും സംഘത്തിലുണ്ടായിരുന്നത് ഒരാള്‍ മാത്രമാണ്. ഇസ്രായേലില്‍ ജോലിചെയ്യുന്ന യുവതി അയാളുടെ സുഹൃത്താണെന്നാണ് പറഞ്ഞത്. ആഡംബര കാറുകളിലായിരുന്നു സംഘം എത്തിയിരുന്നത്. അന്വേഷണ സംഘത്തിന് ഇവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെ നല്‍കിയിട്ടുണ്ട്. ഇനി സിബിഐ അന്വേഷണ സംഘം അവരെ വിളിച്ചു വരുത്തി ചോദിക്കട്ടെ. താന്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ലെന്നും സോബി പറയുന്നു.
ആദ്യത്തെ തവണ നുണ പരിശോധനയ്ക്ക് ചോദിച്ച ചോദ്യങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഫൊറന്‍സിക് റിപ്പോര്‍ട്ട് ഫലം ഒരാഴ്ചയ്ക്കകം വരുമെന്നാണ് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അറസ്റ്റുണ്ടാകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
15 ദിവസം കഴിഞ്ഞ് അറസ്റ്റുണ്ടാകുമെന്ന് താന്‍ മാധ്യമങ്ങളോട് പറഞ്ഞത് എന്തിനാണെന്ന് ചില സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ചിരുന്നു. എന്തായാലും ബാലഭാസ്‌കറിന് സംഭവിച്ചത് വെറും അപകടമല്ല, ക്രൈമാണെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. അതിലേക്ക് എത്താനുള്ള കൃത്യമായ പോയിന്റിലെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാകുന്നത്. അതുകൊണ്ടാണ് മറ്റുള്ളവരെ കൂടി നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. മധ്യസ്ഥതയ്ക്ക് ഉള്‍പ്പടെ തന്നെ സമീപിച്ചവരെ കണ്ടെത്തി ചോദ്യം ചെയ്താല്‍ അതിന് സാധിക്കുമെന്നും കലാഭവന്‍ സോബി പറയുന്നു.