റിയാദ്: സൗദി അറേബ്യക്കെതിരെ യമനിലെ ഇറാന്‍ അനുകൂല ഹൂതികളുടെ ആക്രമണ ശ്രമം. രണ്ടു ഡ്രോണുകളാണ് സൗദിക്കെതിരെ പറന്നെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം വിഫലമാക്കിയതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയാണ് സൗദിക്കെതിരെ നടത്തിയ ഡ്രോണ്‍ ആക്രമണം ലക്‌ഷ്യം കാണും മുമ്പ് തന്നെ തകര്‍ക്കാന്‍ കഴിഞ്ഞതായി വെളിപ്പെടുത്തിയത്. അബഹ മേഖലയിലെ ഖമീസ് മുശൈതിലെ ജനവാസ മേഖലകള്‍ ലക്ഷ്യമാക്കുമായിരുന്നു ഡ്രോണുകള്‍ പറന്നെത്തിയത്.
ഹൂതികള്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുകയാണെന്നും 24 മണിക്കൂറിനിടെ 241 തവണ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായും അദ്ദേഹം ആരോപിച്ചു. 800 സൊമാലിയക്കാരെ യമനിലേക്ക് സൗദി കടത്തിയതായ ഹൂതികളുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു.