Breaking News

സൗജന്യ കോവിഡ് വാക്‌സിനുമായി ബിഹാറില്‍ ബിജെപിയുടെ പ്രകടന പത്രിക

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ബിഹാറില്‍ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയപ്പോള്‍

പട്‌ന: ബിഹാറില്‍ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. സൗജന്യ കോവിഡ് വാക്‌സിനാണ് പ്രകടന പത്രികയിലെ മുഖ്യ ആകര്‍ഷണം. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉറപ്പു നല്‍കിയിരുന്ന 10 ലക്ഷം സര്‍ക്കാര്‍ ജോലിയെന്ന വാഗ്ദാനത്തെ പത്തൊന്‍പതു ലക്ഷം പേര്‍ക്ക് ജോലിയെന്ന വാഗ്ദാനവുമായി ബി.ജെ.പി കടത്തിവെട്ടി.
മൂന്നു ലക്ഷം അധ്യാപക ജോലി, ആരോഗ്യമേഖലയില്‍ ഒരു ലക്ഷം തൊഴില്‍, ബിഹാറിനെ ഐടി ഹബ്ബാക്കി കഴിയുമ്പോള്‍ 5 ലക്ഷം തൊഴില്‍, കാര്‍ഷിക ഹബ്ബാക്കി മാറ്റിയതിനുശേഷം 10 ലക്ഷം തൊഴില്‍ എന്നിങ്ങനെയാണ് ബിജെപി ‘സങ്കല്‍പ് പത്രിക’യില്‍ ഉറപ്പു നല്‍കുന്നത്.
കോവിഡ് വാക്‌സീന്‍ ഉല്‍പാദനത്തിന് തയാറാകുന്ന മുറയ്ക്ക് ബിഹാറില്‍ ഓരോരുത്തര്‍ക്കും സൗജന്യമായി വാക്‌സീന്‍ ലഭ്യമാക്കുമെന്നതാണ് ഞങ്ങളുടെ പ്രകടനപത്രികയിലെ ആദ്യ വാഗ്ദാനമെന്ന് പ്രകടന പത്രിക പുറത്തിറക്കിയ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഒരു കോടി വനിതകളെ സ്വയം പര്യാപ്തരാക്കും, ഒന്‍പതാം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി മേശ ലഭ്യമാക്കും, 30 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. നിതീഷ് കുമാര്‍ തന്നെ അടുത്ത അഞ്ചു വര്‍ഷവും മുഖ്യമന്ത്രിയാകുമെന്നും ബിജെപി വ്യക്തമാക്കി.
അടുത്തിടെ നടന്ന രണ്ടു റാലികളിലും തേജസ്വി യാദവിന്റെ തൊഴില്‍ വാഗ്ദാനത്തിനെതിരെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ശക്തമായി പ്രതികരിച്ചിരുന്നു. തേജസ്വി നിഷ്‌കളങ്കനും അനുഭവസമ്പത്തില്ലാത്ത ആളുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഒക്ടോബര്‍ 28, നവംബര്‍ 3, 7 ദിവസങ്ങളിലായി മൂന്നു ഘട്ടമായിട്ടാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 10ന് ഫലം പുറത്തുവരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *