Breaking News

സോളാര്‍ കേസിന് ജീവന്‍ വയ്ക്കുന്നു: ലക്ഷ്യം രാഷ്ട്രീയ പ്രതിരോധം

ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സോളാര്‍ കേസ് സജീവമാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരും പാര്‍ട്ടിയും ആലോചന തുടങ്ങി. അതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് എ.പി.അനില്‍കുമാറിനെതിരായ കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. മറ്റുള്ള നേതാക്കള്‍ക്കെതിരായ കേസുകളുടെ കാര്യത്തില്‍ നിയമ നടപടികളുടെ സാധ്യതയും ആരായുന്നുണ്ട്.
സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, വടക്കാഞ്ചേരി ലൈഫ് മിഷന്‍, സ്പ്രിഗ്‌ളര്‍ തുടങ്ങി നിരവധി അഴിമതി ആരോപണങ്ങളും കേസുകളും നേരിടുന്ന അവസ്ഥയില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സോളാര്‍ കേസ് കുത്തിപ്പൊക്കി തിരിച്ചടിക്കുകയാണെന്ന് സര്‍ക്കാരും പാര്‍ട്ടിയും വിലയിരുത്തുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് 7 കേസുകള്‍ നിലവിലുണ്ട്. എന്നാല്‍ പീഡനക്കേസ് നിലനില്‍ക്കുമോയെന്ന് സംശയമുണ്ട്. അക്കാര്യത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍, എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരായാണു കേസുകള്‍.
എ.പി.അബ്ദുല്ലക്കുട്ടി ഇപ്പോള്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായതിനാല്‍ സോളാര്‍ കേസില്‍ ബി.ജെ.പിയെയും പ്രതിരോധിച്ച് നിര്‍ത്താന്‍ എല്‍.ഡി.എഫിന് സാധിക്കും. എന്നാല്‍, ഈ കേസുകള്‍ നിലനില്‍ക്കില്ലെന്നാണ് കേസില്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിജിപി രാജേഷ് ദിവാനും എഡിജിപി അനില്‍കാന്തുമൊക്കെ റിപ്പോര്‍ട്ട് നല്‍കിയത്.
ഈ സാഹചര്യത്തിലാണ് എ.പി. അനില്‍കുമാറിനെതിരായ കേസില്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഇതോടെ എല്ലാ കേസിലും മൊഴിയെടുപ്പ് പൂര്‍ത്തിയായി. എന്നാല്‍ പീഡനക്കേസുകള്‍ നിലനില്‍ക്കില്ലെന്ന നിലപാട് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചാല്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പുതിയ കേസെടുത്ത് വിജിലന്‍സിന് കൈമാറാനും സാധ്യതയുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *