
നെടുങ്കണ്ടം: സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ. കൃഷ്ണന്‍കുട്ടിക്കെതിരെ രണ്ടാം തവണയും ലൈംഗികാതിക്രമ പരാതി. കഴിഞ്ഞ ഓഗസ്റ്റില്‍ ഇടുക്കിയിലെ മഹിളാസംഘം പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. പരാതിയില്‍ സി.കെ.കൃഷ്ണന്‍കുട്ടിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി. സംസ്ഥാന കൗണ്‍സിലില്‍നിന്ന് പുറത്താക്കാനും ജില്ല എക്സിക്യൂട്ടീവ് ശുപാര്‍ശ ചെയ്തു.
ഫോണില്‍ നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയെന്നും പാര്‍ട്ടി ഓഫീസിലും റിസോര്‍ട്ടിലും വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ യുവതിയുടെയും കൃഷ്ണന്‍കുട്ടിയുടെയും ഉള്‍പ്പെടെ അമ്പതിലധികം പാര്‍ട്ടി പ്രവര്‍ത്തകരുടെ മൊഴി പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായാരുന്നു.
പരാതിയില്‍ ജില്ല ഘടകം നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യുവതി പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. കൃഷ്ണന്‍കുട്ടിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. ഇതിന് മുമ്പും ലൈംഗികാതിക്രമ പരാതിയില്‍ അദ്ദേഹത്തെ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തക്കുന്നതും കടുത്ത നടപടികളും ഒഴിവാക്കുന്നതിന് ചില മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.