
തിരുവനന്തപുരം: മിസോറാം ഗവര്‍ണറായിരിക്കെ കുമ്മനത്തിന്റെ പി.എ ആയിരുന്ന പ്രവീണ്‍കുമാര്‍ ഇടപെട്ട് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനെ പ്രതി ചേര്‍ത്തു. ആറന്‍മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിയില്‍ കുമ്മനത്തെ അഞ്ചാം പ്രതിയാക്കിയാണ് ആറന്‍മുള പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണന്‍ ആണ് പരാതിക്കാരന്‍. പാലക്കാട്ട് കഞ്ചിക്കോട്ട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി തുടങ്ങാന്‍ കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ഹരികൃഷ്ണനില്‍നിന്ന് 35 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങാനുള്ള നടപടികളൊന്നും സ്വീകരിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ല.
അതോടെ, ഹരികൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെടുകയും 6.25 ലക്ഷം രൂപ തിരികെ നല്‍കുകയും ചെയ്തു. രണ്ടു വര്‍ഷമായിട്ടും ബാക്കി തുക തിരികെ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ഹരികൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയത്. 6.25 ലക്ഷം രൂപ തിരികെ നല്‍കിയപ്പോള്‍ ഹരികൃഷ്ണന് നല്‍കിയ ചെക്കുകളും തിരികെ വാങ്ങിയിരുന്നു.
സ്ഥാപനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരിന്റെ സാന്നിധ്യത്തില്‍ പ്രവീണിനെ നേരിട്ട് കാണുകയും നല്ല സംരംഭമാണെന്ന് വിശ്വസിപ്പിക്കാന്‍ കുമ്മനം ശ്രമിച്ചിരുന്നുവെന്നും ഹരികൃഷ്ണന്റെ പരാതിയില്‍ പറയുന്നു. ആകെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. ഇയാളുടെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്.