
ശിവഗിരി : ശ്രീനാരായണ സംസ്കാരം സനാതന സംസ്കാരമാണെന്നു പറയുന്നത് രാവണനെ രാമനെന്നും കംസനെ കൃഷ്ണനെന്നും വിളിക്കുന്നതുപോലെ അബദ്ധജടിലമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ശിവഗിരി തീർഥാടനത്തിൽ ശ്രീനാരായണ പ്രസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലയാളത്തിന്റെ മണ്ണിൽ ഗുരുദേവൻ തിരികൊളുത്തിയ പുതിയ സാംസ്കാരിക മുന്നേറ്റത്തെ അത് സനാതന സംസ്കാരം തന്നയെന്നു പറഞ്ഞ് വഴിതിരിച്ചുവിടാനാണ് ശ്രമം നടക്കുന്നത്. സമൂഹത്തിൽ അന്നേവരെയുണ്ടായിരുന്ന അനീതിയുടെയും അന്ധകാരത്തിന്റെയും ഇടങ്ങളിലേക്ക് ചാട്ടുളിപോലെ തുളച്ചുകയറുന്ന പ്രവൃത്തികളിലൂടെ പ്രഭാപൂരിതമാക്കിത്തീർത്തൊരു പുത്തൻ സംസ്കാരത്തെയാണ് നാമെല്ലാം ശ്രീനാരായണ സംസ്കാരമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞത്.
അതു ലോകത്തിനു മുന്നിൽ പുതിയ ചിന്തയെ ഉയർത്തിപ്പിടിച്ചു. സനാതനത്വത്തിന്റെയും മറ്റും പേരുപറഞ്ഞ് ചാതുർവർണ്യവ്യവസ്ഥ അടിച്ചേൽപ്പിച്ച ചൊറിയും ചിരങ്ങും വല്ലാണ്ട് ബുദ്ധിമുട്ടിലാക്കിയിരുന്ന കാലഘട്ടത്തിലാണ് ഗുരുദേവൻ ഈ ചിന്താപദ്ധതികൾ നാടിന്റെ മുന്നിൽ അവതരിപ്പിച്ചത്. അതൊരു പുത്തൻ സാംസ്കാരിക ഉണർവായിരുന്നു. ശ്രീനാരായണ സംസ്കാരം മറ്റെല്ലാത്തിനേക്കാൾ ഉയർന്നുനിൽക്കുന്നതാണ്. അത് മറ്റിടത്ത് ഉണ്ടെന്നും പുതുതായി പറയുന്ന കാര്യമല്ലെന്നുമൊക്കെ പറയുന്നതിലൂടെ ആ ചിന്താപദ്ധതിയോടുള്ള എതിർപ്പാണ് ഉയരുന്നത്. വിശ്വമാനവികതയെ ഉയർത്തിപ്പിടിക്കുന്നതാണ് ശ്രീനാരായണ സംസ്കാരമെന്നും മന്ത്രി പറഞ്ഞു.
ഗുരുധർമപ്രചാരണസഭ യു.എ.ഇ. മുഖ്യരക്ഷാധികാരി ഡോ. കെ.സുധാകരൻ അധ്യക്ഷനായി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, തീർഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി അമേയാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അസ്പർശാനന്ദ, എം.എൽ.എ.മാരായ കെ.യു.ജനീഷ്കുമാർ, വി.ജോയി, അഹമ്മദാബാദ് ശ്രീനാരായണ കൾച്ചറൽ മിഷൻ വൈസ് ചെയർമാൻ സി.കെ.സോമരാജൻ, ഗോവ ശ്രീനാരായണ ഗുരു മിഷൻ സൊസൈറ്റി മുൻ പ്രസിഡന്റ് കെ.ശശിധരൻ, ശ്രീനാരായണഗുരു കോൺഫെഡറേഷൻസ് പ്രസിഡന്റ് അഡ്വ. വി.കെ.മുഹമ്മദ്, സുമിൻ സോമൻ, ടി.എസ്.ഹരീഷ്കുമാർ, ജയചന്ദ്രൻ, അനിൽ തടാലിൽ, അജിതാ രാജൻ, പ്രസാദ് കൃഷ്ണൻ, പി.പി.രാജൻ, അമ്പലത്തറ രാജൻ, ജയകുമാർ, സി.എസ്.ബാബു, സി.ടി.അജയകുമാർ എന്നിവർ സംസാരിച്ചു. വിശ്വഗുരു എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ വിജീഷ് മണിയെ മന്ത്രി പി.പ്രസാദ് ആദരിച്ചു.