
ന്യൂഡല്‍ഹി: സന്നദ്ധസംഘടനകള്‍ വിദേശ ധനസഹായം സ്വീകരിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍.ജി.ഒ ഭാരവാഹിയുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി എഫ്.സി.ആര്.എ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു.
എഫ്സിആര്‍എ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള എന്‍ജിഒകള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നതിന് ഇനിമുതല്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ മൂന്നുവര്‍ഷമായി നിലവിലുളള സംഘടനകള്‍ക്ക് മാത്രമേ വിദേശ സഹായം സ്വീകരിക്കാനാന്‍ സാധിക്കുകയുള്ളൂ. കൂടാതെ സന്നദ്ധ സംഘടനകള്‍ ഇതിനകം കുറഞ്ഞത് 15 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ടാകണം.
മറ്റ് നിബന്ധനകള്‍ ഇങ്ങനെയാണ്: വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്കുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നല്കുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്‍ജിഒ ഭാരവാഹികള്‍ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നല്കുന്നവരില് നിന്ന് ഹാജരാക്കണം.
ധനസഹായം നല്‍കുന്നത് ഒരു വ്യക്തിയാണെങ്കില്‍ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാന്‍ പാടില്ല. സന്നദ്ധസംഘടനയുടെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ അല്ലെങ്കില്‍ ഭരണസമിതി അംഗങ്ങളോ സംഭാവന നല്കുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളോ, അടുത്ത ബന്ധുക്കളോ ആയിരിക്കരുത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവര്‍ വിദേശ സഹായം സ്വീകരിക്കാന്‍ പാടുള്ളതല്ല. ഇന്ത്യയില്‍ ഏകദേശം 22,400 എന്‍.ജി.ഒകളാണ് നിലവിലുളളത്.