
ജോയിന്റ് ആര്.ടി.ഒ ദിലു.എ.കെ. നിര്‍വഹിക്കുന്നു
വര്‍ക്കല: വര്‍ക്കല സബ് ആര്.ടി.ഒ യുടെ കീഴില്‍ ആദ്യ ബാച്ച് ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിച്ചു. വര്‍ക്കല സബ് ആര്.ടി.ഒ നിലവില്‍വന്ന ശേഷമുള്ള ആദ്യത്തെ ഡ്രൈവിംഗ് ടെസ്റ്റ് ആണ് ഇന്ന് ആരംഭിച്ചത്.
ഡ്രൈവിംഗ് ടെസ്റ്റ് ഉദ്ഘാടനം ജോയിന്റ് ആര്.ടി.ഒ ദിലു.എ.കെ. നിര്‍വഹിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികളും മറ്റ് ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവരും തല്ക്കാലം ഡ്രൈവിംഗ് ടെസ്റ്റിന് വരരുതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ടെസ്റ്റിന് വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ നന്നായി പ്രാക്ടീസ് ചെയ്തിട്ടു വരണമെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ പരാജയപ്പെട്ടാല്‍ പിന്നീട് ടെസ്റ്റിനുള്ള തീയതി ലഭിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് സമയത്ത് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ കൂടെയുണ്ടായിരിക്കും. കഴിയുന്നതും അദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം ഉണ്ടാവാതിരിക്കാന്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കണം. സാധാരണപോലെ ടെസ്റ്റ് സമയത്ത് വാഹനം നിയന്ത്രിക്കാന്‍ കോവിഡ് പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് സാധിക്കില്ല. ഇക്കാര്യങ്ങളെല്ലാം ടെസ്റ്റിന് വരുന്നവര്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര് ശരത്ചന്ദ്രന്, അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ലൈജു, ദീപു. ഡ്രൈവിംഗ് സ്കൂള്‍ അസോസിയേഷന് സെക്രട്ടറി ഫിറോസ് അപ്പുക്കുട്ടന് എന്നിവര്‍ സന്നിഹിതരായിരുന്നു.
വര്‍ക്കല രഘുനാഥപുരത്തുള്ള ഗ്രൗണ്ടില്‍ വച്ചാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുക. വര്‍ക്കല സബ് ആര്.ടി.ഒ ആരംഭിച്ചതിനുശേഷം 2500 ന് മുകളില്‍ ലേണിംഗ് ലൈസന്‍സ് നല്‍കിയിരുന്നു. അതില്‍ ആദ്യ ബാച്ചിലെ ടെസ്റ്റാണ് ഇന്ന് ടെസ്റ്റ് നടന്നത്. സാധാരണനിലയില്‍ 60 പേര്‍ക്കാണ് ഒരു ദിവസം ടെസ്റ്റ് നടത്തുക. എന്നാല്‍ കോവിഡ് മാനദണ്ഡപ്രകാരം അത് 30 ആക്കി ചുരുക്കിയിട്ടുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും ഡ്രൈവിംഗ് ടെസ്റ്റ് നടക്കുക.