Breaking News

വയനാട് തുരങ്കപാത: അഭിമാന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മേപ്പാടി: കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
കേരളത്തിന്റെ വികസനത്തിന് ആക്കംകൂട്ടുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടം വരാത്ത വികസനമാണ് സര്‍ക്കാരിന്റെ നയമെന്നും ഈ പദ്ധതിയും അപ്രകാരംതന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവമ്പാടി കള്ളാടി മേഖലകളില്‍ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ കൂടി കണക്കിലെടുത്താണ് അന്തിമ തീരുമാനമാകുക. 900 കോടിയാണ് നിര്‍മ്മാണ ച്ചെലവ് പ്രതീക്ഷിക്കുന്നത്. സര്‍വ്വെ, സാങ്കേതിക പഠനം എന്നിവ കഴിഞ്ഞാലേ കൃത്യമായ ചിലവ് മനസ്സിലാവൂ. വ്യാവസായിക വിനോദ സഞ്ചാര മേഖലയില്‍ വന്‍ ഉത്തേജനം ഈ തുരങ്കത്തിലൂടെ സാധ്യതമാകും. കര്‍ണാടകത്തില്‍ നിന്നുള്ള ചരക്ക് ഗാഗതവും സുഗമമാവും-മുഖ്യമന്ത്രി വിശദമാക്കി.
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.ആര്‍.സി.എല്‍) വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മൂന്ന് മാസത്തിനകം സാങ്കേതിക പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. കെ.ആര്‍.സി.എല്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ മുരളീധറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് സാങ്കേതിക പഠനം നടത്തുന്നത്.
മേപ്പാടി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലും തിരുവമ്പാടി ബസ്സ്റ്റാന്‍ഡിലും ക്രമീകരിച്ച വലിയ സ്‌ക്രീനിലാണ് ഉദ്ഘാടന പ്രസംഗം പ്രക്ഷേപണം ചെയ്തത്. തിരുവമ്പാടിയില്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, എം.പി.മാരായ എം.വി. ശ്രേയാംസ്‌കുമാര്‍, എളമരം കരീം എന്നിവര്‍ പങ്കെടുത്തു. മേപ്പാടിയില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് കെ. സഹദ് എന്നിവര്‍ പ്രക്ഷേപണ വേളയില്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *