Breaking News

ലൈഫ് പദ്ധതി: സി.ബി.ഐ അന്വേഷണത്തിനെതിരെ ആനത്തലവട്ടം ആനന്ദന്‍

തിരുവനന്തപുരം: സി.ബി.ഐ അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുളള ശ്രമമാണെന്ന് സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദന്‍. രാഷ്ട്രീയ എതിരാളികളെ തച്ചുതകര്‍ക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റ് സി.ബി.ഐയെ പല സംസ്ഥാനങ്ങളിലും ഉപയോഗിച്ചിട്ടുണ്ടെന്നും കേരളത്തിലും അത് പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സി.ബി.ഐ. അന്വേഷണം തടയില്ലെന്ന ഹൈക്കോടതി നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട കേസുകള്‍ ഉദാഹരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇപ്പോള്‍ വരുന്ന പരമോന്നത നീതിപീഠത്തിന്റേതുള്‍പ്പടെയുളള കോടതി വിധികളെല്ലാം തന്നെ കോടതിയെ ഉപകരണമാക്കി മാറ്റുന്നു എന്നതാണ് കാണിക്കുന്നത്. ബാബറി മസ്ജിദ് പൊളിച്ചത് തെറ്റ്, വിഗ്രഹം കൊണ്ടുവെച്ചത് തെറ്റ് എന്നുപറഞ്ഞിട്ട് പൊളിച്ചവര്‍ക്ക് തന്നെ സുപ്രീംകോടതി സ്ഥലം നല്‍കി. പാര്‍ലമെന്ററി വ്യവസ്ഥയേയും നീതിന്യായ വ്യവസ്ഥയേയും മതേതര സംവിധാനത്തേയും സകലതിനേയും തകര്‍ക്കുന്ന ഒരു സാഹചര്യമാണ് നിലവില്‍ രാജ്യത്ത് വളര്‍ന്നുവന്നുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് അതുമായി ബന്ധപ്പെടുത്തി വേണം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി പച്ചക്കൊടി കാണിച്ച പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണത്തെ ഇടതുപക്ഷം രാഷ്ട്രീയമായി പ്രതിരോധിക്കാനുറച്ചതിന്റെ തെളിവാണ് ആനത്തലവട്ടത്തിന്റെ വാക്കുകള്‍. ലൈഫ് മിഷനില്‍ നടക്കുന്ന സി.ബി.ഐ അന്വേഷണം ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും ഇടതുപക്ഷം ഭയക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *