Breaking News

റഫാലില്‍ വിമര്‍ശനവുമായി സി.എ.ജി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ നടപടിക്രമങ്ങളില്‍ വിമര്‍ശനവുമായി സി.എ.ജി രംഗത്ത്. റഫാല്‍ കരാറിലെ ഓഫ്‌സെറ്റ് വ്യവസ്ഥകളിലാണ് സി.എ.ജിയുടെ വിമര്‍ശനം. ബുധനാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി.എ.ജിയുടെ പരാമര്‍ശം. റഫാല്‍ നിര്‍മ്മാതാക്കളായ ഫ്രാന്‍സിലെ ഡാസോ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിലെ ഓഫ്‌സെറ്റ് കരാര്‍പ്രകാരം ചെയ്യേണ്ട യാതൊന്നും ഡാസോ ഇതുവരെ ചെയ്തിട്ടില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫ്സെറ്റ് നയമനുസരിച്ച്, വിദേശ സ്ഥാപനങ്ങളുമായുള്ള കരാറില്‍ ഇടപാട് തുകയുടെ ഒരു നിശ്ചിത ശതമാനം വിദേശ നിക്ഷേപം (എഫ്ഡിഐ) ആയി രാജ്യത്തിന് കൈമാറേണ്ടതുണ്ട്.
സാങ്കേതിക കൈമാറ്റം, സാമഗ്രികളുടെ പ്രാദേശിക നിര്‍മാണം തുടങ്ങിയവും നടത്തേണ്ടതുണ്ട്. 300 കോടിക്കു മുകളിലുള്ള എല്ലാ കരാറിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. 2016ല്‍ 59,000 കോടി രൂപയ്ക്കാണ് ഇന്ത്യ ഫ്രാന്‍സുമായി റഫാന്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ഒപ്പിട്ടത്. ഇതിലെ ഓഫ്‌സെറ്റ് കരാര്‍ പ്രകാരം എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ ഡാസോ ഏവിയേഷനും എയര്‍ക്രാഫ്റ്റിലെ മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയും നിര്‍മാണ സാങ്കേതികവിദ്യയുടെ 30 ശതമാനം ഡിആര്‍ഡിഒയ്ക്ക് കൈമാറേണ്ടതുണ്ട്. എന്നാല്‍ ഇരു കമ്പനികളും ഇതു ചെയ്തിട്ടില്ല. ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തിനുവേണ്ടി പുതിയൊരു എന്‍ജിന്‍ ആഭ്യന്തരമായി വികസിപ്പിക്കുന്നതിന് ഫ്രഞ്ച് സാങ്കേതികവിദ്യ ലഭിക്കാന്‍ ഡിആര്‍ഡിഒ ഏറെനാളായി ശ്രമിക്കുകയാണ്.
ജൂലൈ 29ന് 5 റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയിരുന്നു. ഓഫ്െസറ്റ് കരാറില്‍ വീഴ്ച സംഭവിച്ചെങ്കിലും പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. 2005 മുതല്‍ 2018 മാര്‍ച്ച് വരെ മൊത്തം 66,427 കോടി രൂപയുടെ 48 ഓഫ്സെറ്റ് കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ഇതില്‍ 19,223 കോടി രൂപ 2018 ഡിസംബറോടെ ലഭിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 11,396 കോടി മാത്രമാണ് ഇതുവരെ ലഭിച്ചത്. 2024ഓടെ 66,427 കോടിയും ലഭ്യമാക്കേണ്ടതുണ്ട്. നിലവിലെ ഓഫ്സെറ്റ് നയമനുസരിച്ച് ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിനാല്‍ പ്രതിരോധ മന്ത്രാലയം ഇവ പുനഃപരിശോധിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Related posts

Leave a Reply

Your email address will not be published. Required fields are marked *