Breaking News

എം.ശിവശങ്കര്‍ വീണ്ടും എന്‍.ഐ.എ ഓഫീസില്‍: ചോദ്യംചെയ്യല്‍ സ്വപ്‌നയ്‌ക്കൊപ്പം

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വീണ്ടും കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍. ഇത് മൂന്നാം തവണയാണ് ശിവശങ്കര്‍ എന്‍.ഐ.എയുടെ ചോദ്യംചെയ്യലിന് വിധേയനാവുന്നത്. ഒറ്റയ്ക്കുള്ള ചോദ്യംചെയ്യലിന് പകരം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതിനാണ് ശിവശങ്കറിനെ വിളിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
സ്വപ്‌ന സുരേഷിനെയും എന്‍ഐഎ ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് സ്വപ്‌ന സുരേഷിനെയും നേരത്തെ സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സ്വപ്‌നയുടെയും സന്ദീപിന്റെയും ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍നിന്നും ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ഇവരുടെ ലാപ്‌ടോപ്പില്‍നിന്നും മൊബൈല്‍ഫോണില്‍നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട 2000 ജി.ബി ഡാറ്റ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ എന്‍.ഐ.എ വീണ്ടെടുത്തിരുന്നു.
സ്വപ്‌നയെ നേരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നം ഇല്ലെന്ന് വ്യക്തമായതോടെ എന്‍ഐഎ കോടതി ഇവരെ രണ്ടു ദിവസം മുന്‍പ് എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ ഒരു ദിവസം പിന്നിട്ടതിനു പിന്നാലെയാണ് ശിവശങ്കറിനെ ഒപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത്.
ഡിജിറ്റല്‍ തെളിവുകളില്‍ നിന്നു ലഭിച്ച വിവരങ്ങളും പ്രതികളുടെ മൊഴികളും ശിവശങ്കറിന്റെ മൊഴികളും വിശദമായി പരിശോധിച്ച ശേഷം ഇതിലുണ്ടായിട്ടുള്ള വൈരുധ്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇവരെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നുതന്നെ പറയാം.
ശിവശങ്കറിനെ ഇപ്പോള്‍ ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തില്‍ ചോദ്യംചെയ്യുന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എയ്ക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായ രീതി എല്‍.ഡി.എഫിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ സി.പി.ഐ നിശിതമായി വിമര്‍ശിക്കുക കൂടി ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചോദ്യംചെയ്യല്‍ അറസ്റ്റിലേക്ക് വഴിമാറിയാല്‍ അത് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല, പ്രതിപക്ഷത്തിനും ബി.ജെ.പിക്കും കൂടുതല്‍ വീറോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാനുള്ള ഊര്‍ജ്ജവും അത് നല്‍കും.
മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തതിനു പിന്നാലെ എന്‍ഐഎ സിആപ്ടില്‍ പരിശോധന നടത്തുകയും അവിടത്തെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *